ന്യൂഡൽഹി: സംഭവിക്കാൻ കാത്തിരുന്ന മഹാദുരന്തമാണ് അനാജ്മണ്ഡി തീപ്പിടിത്തമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. സംഭവത്തിൽ ഡൽഹി സർക്കാർ, പോലീസ് കമ്മിഷണർ, വടക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണർ എന്നിവർക്ക് തിങ്കളാഴ്ച നോട്ടീസ് നൽകിയ കമ്മിഷൻ ആറാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശിച്ചു.
വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരായ നടപടി, രക്ഷാപ്രവർത്തനം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിലുണ്ടാവണമെന്ന് വ്യക്തമാക്കി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തു.