ന്യൂഡൽഹി: ദാമ്പത്യപ്രശ്നത്തെത്തുടർന്ന് മെട്രോ തീവണ്ടിക്കു മുമ്പിൽച്ചാടി അധ്യാപിക ആത്മഹത്യചെയ്യാൻ ശ്രമിച്ചു. റെഡ് ലൈനിലെ രോഹിണി വെസ്റ്റ് മെട്രോ സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. രോഹിണിയിലെ സ്കൂളിലെ അധ്യാപികയായ 26 വയസ്സുകാരിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
ട്രാക്കിലേക്ക് യുവതി ചാടിയതു ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തീവണ്ടി നിർത്തി. തുടർന്ന് സ്റ്റേഷനിലെ ജീവനക്കാർ ഇവരെ രക്ഷപ്പെടുത്തി ബി.ആർ. അംബേദ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രാക്കിൽ വീണതിനെത്തുടർന്ന് യുവതിയുടെ നെറ്റിയിൽ നിസാര പരിക്കേറ്റിരുന്നു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. യുവതി ചാടുന്നതിന്റെ ദൃശ്യങ്ങൾ സ്റ്റേഷനിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു. സംഭവത്തെത്തുടർന്ന് റെഡ് ലൈനിൽ മെട്രോ സർവീസ് അല്പനേരത്തേക്ക് തടസ്സപ്പെട്ടു. ഭർത്താവ് ജോലിക്ക് പോവാത്തതിനെച്ചൊല്ലിയുണ്ടായ വഴക്കിനെത്തുടർന്നാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.