ന്യൂഡല്‍ഹി: ജന്തര്‍മന്ദറില്‍ പ്രതിഷേധപ്രകടനവും ധര്‍ണയും നിരോധിച്ച് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. പരിസ്ഥിതിനിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ആര്‍.എസ്. റാത്തോഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ ഉത്തരവ്. സമരവേദി അജ്മീരി ഗേറ്റിലെ രാംലീല മൈതാനത്തേക്ക് മാറ്റാന്‍ ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി.

ജന്തര്‍മന്ദര്‍ റോഡ് മേഖലയില്‍ താമസിക്കുന്ന പൗരന്മാരുടെ മലിനീകരണമുക്ത പരിസ്ഥിതിയില്‍ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഒരു വിഭാഗമാളുകളുണ്ടാക്കുന്ന ശബ്ദമലിനീകരണം ജനങ്ങളുടെ ശാന്തവും സമാധാനപരവുമായ ജീവിതം തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ടെന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു.

ജന്തര്‍മന്ദര്‍ റോഡിലെ സമരപ്പന്തലുകളും ഉച്ചഭാഷിണികളും മറ്റും നീക്കാന്‍ ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിന് ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കി. പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളും നീക്കണം. ഇതിനായി എന്‍.ഡി.എം.സി.ക്ക് ട്രിബ്യൂണല്‍ നാലാഴ്ച സമയം അനുവദിച്ചു.

ഉത്തരവ് നടപ്പാക്കുന്ന കാര്യം ഉറപ്പാക്കണമെന്ന് എന്‍.ഡി.എം.സി. ചെയര്‍മാന്‍, പോലീസ് കമ്മിഷണര്‍ എന്നിവരോടും ഡല്‍ഹി സര്‍ക്കാരിനോടും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. നടപടി റിപ്പോര്‍ട്ട് അഞ്ചാഴ്ചയ്ക്കകം സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.

വായു, ശബ്ദ മലിനീകരണംമൂലം പ്രദേശവാസികള്‍ ഏറെ കഷ്ടതയനുഭവിക്കുന്നുണ്ടെന്ന കാര്യം വ്യക്തമാണ്. പരിസരം വൃത്തികേടായി കിടക്കുന്നതിനാല്‍ ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകുന്നു. ശബ്ദമലിനീകരണം, ശുചിത്വമില്ലായ്മ, മാലിന്യസംസ്‌കരണത്തിലെ അപാകം എന്നിവ മേഖലയെ ഏറെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു.

രാഷ്ട്രീയപ്പാര്‍ട്ടികളും സാമൂഹികസംഘടനകളും സന്നദ്ധസംഘടനകളും നടത്തുന്ന പ്രകനങ്ങളും ധര്‍ണകളും പരിസരത്ത് ശബ്ദമലിനീകരണത്തിന് കാരണമാകുന്നതായി കാണിച്ച് വരുണ്‍ സേത്തും മറ്റുള്ളവരും ചേര്‍ന്നുനല്‍കിയ ഹര്‍ജിയിലാണ് ട്രിബ്യൂണലിന്റെ ഉത്തരവ്.