ന്യൂഡല്‍ഹി: നാട്ടിലും മറുനാട്ടിലും തരംഗമായ ജിമിക്കി കമ്മല്‍ പാട്ടിന് ഡല്‍ഹിയിലും നൃത്താവിഷ്‌കാരം. ഇന്ത്യാഗേറ്റിലാണ് ഡല്‍ഹി മലയാളികള്‍ പാട്ടിനൊപ്പം ചുവടുവെച്ചത്. കേരളീയ വേഷവും കൂളിങ് ഗ്ലാസുമായി ഇന്ത്യാ ഗേറ്റിനടുത്ത പുല്‍ത്തകിടിയില്‍ ഒത്തുകൂടിയവരെക്കണ്ട് ആദ്യം കാര്യം പിടികിട്ടിയില്ലെങ്കിലും പാട്ടുകേട്ടതോടെ ഇന്ത്യാഗേറ്റിലെ സന്ദര്‍ശകരും ആവേശത്തിലായി. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ലൈലമുതല്‍ ഗൂഗിളില്‍ ഉദ്യോഗസ്ഥയായ ദീപ്തി മേനോന്‍വരെ ഇരുപതോളം പേരാണ് ചുവടുവെച്ചത്.

മണി എസ്. അടൂരിന്റെ നേതൃത്വത്തിലാണ് ജിമിക്കി കമ്മലിന്റെ ഡല്‍ഹി പതിപ്പൊരുങ്ങിയത്. 'നൃത്തം ചെയ്യാം എല്ലാവര്‍ക്കും' എന്ന ആഹ്വാനത്തോടെയുള്ള പ്രകടനം ഇന്ത്യാഗേറ്റിലെ സായാഹ്നസന്ദര്‍ശകര്‍ക്കും കൗതുകമായി. യൂട്യൂബില്‍ മികച്ച പ്രതികരണമാണ് ഡാന്‍സ് വീഡിയോക്ക് ലഭിക്കുന്നത്. തുടര്‍ന്നും ഇത്തരം പരിപാടികളുമായി മുന്നോട്ടുപോകാനാണ് ഈ കൂട്ടായ്മയുടെ തീരുമാനം.