ആര്‍ട്ട് ഓഫ് ലിവിങ് സാംസ്‌കാരികോത്സവം
ന്യൂഡല്‍ഹി:
യമുനാതീരത്ത് അടിഞ്ഞുകിടക്കുന്ന അവശിഷ്ടങ്ങള്‍ കഴിഞ്ഞവര്‍ഷം നടത്തിയ രാജ്യാന്തര സാംസ്‌കാരികോത്സവത്തിനു മുമ്പുതന്നെ അവിടെയുണ്ടായിരുന്നതാണെന്ന് ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ മുമ്പാകെ ബോധിപ്പിച്ചു. ഇപ്പോള്‍ അവിടെയുള്ള അവശിഷ്ടങ്ങള്‍ മുമ്പേ ഉള്ളതാണെന്നും യമുനാനദീതടത്തിന്റെ അവസ്ഥ പരിതാപകരമാണെന്നും ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ബോധിപ്പിച്ചു.

തുടര്‍ന്ന് ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ വാദത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാരിനും ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റിക്കും (ഡി.ഡി.എ.) ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും ട്രിബ്യൂണല്‍ നോട്ടീസയച്ചു.

നദീതടത്തെ അവശിഷ്ടങ്ങള്‍ നീക്കിയതായാണ് മനോജ് മിശ്ര കേസില്‍ ബന്ധപ്പെട്ട അധികൃതര്‍ ട്രിബ്യൂണല്‍ മുമ്പാകെ ഫയല്‍ചെയ്ത സത്യവാങ്മൂലങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് എന്‍.ജി.ടി. ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇതിനു വിരുദ്ധമായ കാര്യമാണ് ആര്‍ട്ട് ഓഫ് ലിവിങ് പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു.

രാജ്യാന്തര സാംസ്‌കാരികോത്സവം നടന്ന ഭാഗം നദീതടമായി വേര്‍തിരിച്ചിരുന്നില്ലെന്നും ആര്‍ട്ട് ഓഫ് ലിവിങ്ങിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ബോധിപ്പിച്ചു. യമുനാനദീതടം വേര്‍തിരിക്കണമെന്ന് 2015-ല്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നെങ്കിലും വിധി നടപ്പാക്കിയിട്ടില്ല. യമുനാതീരത്ത് സാംസ്‌കാരികപരിപാടികള്‍ നടത്തരുതെന്ന് ട്രിബ്യൂണല്‍ രൂപവത്കരിച്ച യമുന പുനരുജ്ജീവന സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ബന്ധപ്പെട്ട എല്ലാ അധികൃതരില്‍നിന്നും നിയമാനുസൃതമായ അനുമതികള്‍ നേടിയശേഷമാണ് സാംസ്‌കാരികോത്സവം സംഘടിപ്പിച്ചത്. അതിനാല്‍ ആര്‍ട്ട് ഓഫ് ലിവിങ് നിയമലംഘനം നടത്തിയതായി ആരോപിക്കാനാവില്ലെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.