ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് വിജയ് ഘട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിന് ഡല്‍ഹി ചീഫ് സെക്രട്ടറി എം.എം. കുട്ടിയോട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിശദീകരണം തേടി. സംസ്ഥാന കല, സാംസ്‌കാരിക, ഭാഷാ വിഭാഗമാണ് ചടങ്ങ് സംഘടിപ്പിച്ചത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍നിന്ന് ചീഫ് സെക്രട്ടറി വിട്ടുനിന്നതില്‍ മുഖ്യമന്ത്രി സന്തുഷ്ടനല്ലെന്ന് അദ്ദേഹത്തിന്റെ അനുയായി പറഞ്ഞു. ചീഫ് സെക്രട്ടറിക്കു പുറമേ പല ഉന്നതോദ്യോഗസ്ഥരും ചടങ്ങില്‍നിന്ന് വിട്ടുനിന്നു. ഇത്തരത്തിലുള്ള ഒരു ദേശീയപരിപാടിയില്‍നിന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വിട്ടുനിന്നതില്‍ മുഖ്യമന്ത്രിക്ക് അമര്‍ഷമുണ്ടെന്നും അനുയായി പറഞ്ഞു.