ന്യൂഡൽഹി: സർക്കാർ സ്കൂളുകളിൽ ക്ലാസ്‌മുറികൾ നിർമിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചതിനെത്തുടർന്ന് ബി.ജെ.പി. ഡൽഹി അധ്യക്ഷൻ മനോജ് തിവാരിയുടെ വസതിക്ക് മുമ്പിൽ എ.എ.പി. പ്രവർത്തകർ പ്രതിഷേധം നടത്തി.

കുട്ടികളോട് തിവാരി മാപ്പുപറയണമെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിൽ രാഷ്ട്രീയം കലർത്തുന്നത് അവസാനിപ്പിക്കണമെന്നും ബുധനാഴ്ച നടത്തിയ പ്രതിഷേധത്തിൽ പ്രവർത്തകർ ആവശ്യപ്പെട്ടു. പ്രതിഷേധം നീണ്ടതോടെ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് മന്ദിർ മാർഗ് സ്റ്റേഷനിലേക്ക് മാറ്റി. അതേസമയം, പ്രതിഷേധത്തിനെതിരേ തിവാരി രംഗത്തുവന്നു. 2,000 കോടി രൂപ കൊള്ളയടിച്ചവർ ഇപ്പോൾ തനിക്കെതിരേ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധം നടത്തുകയുമാണെന്ന് തിവാരി പറഞ്ഞു. അഴിമതി വിഷയത്തിൽ മറുപടി നൽകുന്നതിന് പകരം തിരിച്ച് ആരോപണം ഉന്നയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലാസ്‌മുറികൾ നിർമിച്ചതിൽ എ.എ.പി. 2,000 കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു തിവാരിയുടെ ആരോപണം.

ഇതിനെതിരേ വിദ്യാഭ്യാസവകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ശക്തമായി രംഗത്തുവന്നിരുന്നു. എ.എ.പി. സർക്കാരിനെതിരേ ബി.ജെ.പി. അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നായിരുന്നു സിസോദിയയുടെ പ്രതികരണം. പാവപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനാണ് ശ്രമമെന്നും ക്രമക്കേട് നടന്നതായി തെളിഞ്ഞാൽ ജയിലിൽ പോവാൻ മടിയില്ലെന്നും ഉപമുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.