ന്യൂഡൽഹി: ഡൽഹിയിലെ അനധികൃത കോളനികൾ നിയമവിധേയമാക്കുന്നതു വൈകുന്നതിൽ കേന്ദ്രസർക്കാരിനെതിരേ ആം ആദ്മി പാർട്ടി വഞ്ചനാ ദിനം ആചരിച്ചു. മുതിർന്ന എ.എ.പി. നേതാവ് ഗോപാൽ റായിയുടെ നേതൃത്വത്തിൽ പാർട്ടിപ്രവർത്തകർ ബി.ജെ.പി. ആസ്ഥാനത്തിനുമുമ്പിൽ ശനിയാഴ്ച പ്രതിഷേധപ്രകടനം നടത്തി. കോളനിവാസികളെ ബി.ജെ.പി. വഞ്ചിച്ചുവെന്ന് എഴുതിയ കറുത്ത പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. വിഷയം ബി.ജെ.പി. പരിഗണിക്കുമെന്നായിരുന്നു താൻ പ്രതീക്ഷിച്ചിരുന്നതെന്ന് ഗോപാൽ റായി പറഞ്ഞു. ഒരുമാസത്തിനകം പൂർത്തിയാകേണ്ടതായിരുന്നു നടപടികൾ. എന്നാൽ, ഇനി ആറുമാസം എടുക്കുമെന്നാണ് അവർ പറയുന്നത്. ഓവുചാലുകൾ സ്ഥാപിക്കൽ, റോഡുകൾ നിർമിക്കൽ തുടങ്ങിയ കാര്യങ്ങൾ കോളനികളിൽ സംസ്ഥാനസർക്കാർ നടപ്പാക്കിയെന്നും ഇനി അവ നിയമവിധേയമാക്കേണ്ടതു കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണെന്നും എ.എ.പി. വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. നിയമവിധേയമാക്കിയാൽ അടുത്തദിവസംമുതൽ രജിസ്‌ട്രേഷൻ നടപടികൾ തങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാൽ, ആറുമാസംകൂടി വേണമെന്ന് മനോജ് തിവാരി ഇപ്പോൾ പറയുന്നു. അടുത്ത നാലുമാസത്തിനകം തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാലാണ് ആറുമാസംകൂടി വേണമെന്നു തിവാരി പറയുന്നതിന്റെ കാരണമെന്നും ഭരദ്വാജ് വ്യക്തമാക്കി. മന്ത്രി ഇമ്രാൻ ഹുസൈനും പ്രതിഷേധത്തിൽ പങ്കെടുത്തു. കോളനികളിലെ താമസക്കാരുടെ പ്രതികരണം അറിയാനായി സർവേ നടത്താൻ ബി.ജെ.പി.ക്ക് നീക്കമുണ്ട്. ഇതു മുൻകൂട്ടിക്കണ്ടാണ് സർവേക്കുമുമ്പ് എ.എ.പി. വഞ്ചനാദിനം ആചരിച്ചത്. കോളനികൾ നിയമവിധേയമാക്കാൻ ഒരുമാസത്തിനകം ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ജൂലായിൽ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, നിയമവിധേയമാക്കാൻ ആറുമാസംകൂടി വേണ്ടിവരുമെന്നാണ് അടുത്തിടെ ബി.ജെ.പി. ഡൽഹി അധ്യക്ഷൻ മനോജ് തിവാരി വ്യക്തമാക്കിയത്. ഡൽഹിയിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണ് അനധികൃത കോളനികൾ നിയമവിധേയമാക്കൽ. കോളനികൾ പൊളിച്ചുനീക്കാൻ മോദിസർക്കാർ ലക്ഷ്യമിടുന്നതായി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചിരുന്നു. നിയമവിധേയമാക്കൽ വൈകുന്നതിനു ഭരണകക്ഷിയായ എ.എ.പി.യും പ്രതിപക്ഷമായ ബി.ജെ.പി.യും പരസ്പരം കുറ്റപ്പെടുത്തുന്നത് പതിവാണ്. നഗരത്തിന്റെ വിവിധയിടങ്ങളിലായുള്ള 1797 അനധികൃത കോളനികളിലായി ലക്ഷക്കണക്കിനു പേരാണ് താമസിക്കുന്നത്.
കോളനികൾ നിയമവിധേയമാക്കുന്നതു വൈകുന്നതിനെതിരേ എ.എ.പി. പ്രതിഷേധം
കോളനികള്‍ നിയമവിധേയമാക്കുന്ന വിഷയത്തില്‍ ബിജെപി ആസ്ഥാനത്തേക്ക് പ്രകടനം നടത്തുന്ന എ.എ.പി.പ്രവര്‍ത്തകര്‍