ന്യൂഡൽഹി : നഗരത്തിലെ ഡെങ്കിബാധിതർ 8200 കടന്നു. നവംബറിൽ മാത്രം 6700 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 1148 പേർക്ക് രോഗം ബാധിച്ചു. എന്നാൽ, പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുനിസിപ്പൽ കോർപ്പറേഷനുകൾ തിങ്കളാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് 8276 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. നവംബർ 27 വരെയുള്ള കണക്കാണിതെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

2016ൽ 4431, 2017ൽ 4726, 2018ൽ 2798, 2019ൽ 2036, 2020ൽ 1072 എന്നിങ്ങനെയാണ് ഡെങ്കിബാധിതർ. 2015ലായിരുന്നു ഏറ്റവും കൂടുതൽ രോഗബാധിതർ. ആ വർഷം 10,600 പേർ രോഗബാധിതരായി. ഈ വർഷം ഒമ്പതു പേരാണ് ഡെങ്കി ബാധിച്ചു മരിച്ചവർ. 2019ലും 2020ലും രണ്ടു പേർ വീതം മരിച്ചു. 2018ൽ നാല്, 2017ലും 2016ലും പത്തു പേർ വീതം എന്നിങ്ങനെയും മരണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു.

അതേസമയം, 167 പേർക്ക് മലേറിയയും 89 പേർക്ക് ചിക്കുൻഗുനിയയും ബാധിച്ചതായി മുനിസിപ്പൽ കോർപ്പറേഷനുകൾ അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു രോഗങ്ങളും പുതുതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഡെങ്കിബാധിതർ വർധിച്ചതിനെ തുടർന്ന് ഫോഗിങ് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സംസ്ഥാന സർക്കാരും എം.സി.ഡികളും ഊർജിതമാക്കി.