ന്യൂഡൽഹി : പഴയട്രെയിനുകൾ ഇപ്പോഴത്തെ സൗകര്യങ്ങൾക്കനുസരിച്ച് പുതുക്കി മെട്രോയുടെ ആദ്യവണ്ടി പുറത്തിറങ്ങി. മെട്രോയുടെ ഒന്നാംഘട്ടത്തിൽ 2007-ൽ സർവീസിറക്കിയ വണ്ടിയാണ് പരിഷ്കരിച്ച്‌ പുറത്തിറക്കിയത്. ഈ ഗണത്തിൽ പരിഷ്‌രിച്ച ആദ്യവണ്ടി യമുന ബാങ്ക് ഡിപ്പോയിൽ ഡി.എം.ആർ.സി. മാനേജിങ് ഡയറക്ടർ മാംഗു സിങ് ഫ്ളാഗ് ഓഫ് ചെയ്തു.

മെട്രോ ഒന്നാംഘട്ടത്തിൽ 2002 മുതൽ 2007 വരെയുള്ള കാലയളവിൽ സർവീസ് നടത്തിയ 70 വണ്ടികൾ പരിഷ്‌കരിച്ചു സർവീസിനിറക്കാനാണ് ഡി.എം.ആർ.സിയുടെ പദ്ധതി. ഇതിനകം 14-19 വർഷങ്ങൾ കാലപ്പഴക്കമുള്ളതാണ് ഈ വണ്ടികൾ. അവ 30 വർഷം വരെ സർവീസ് നടത്താനാവുന്നവയാണെന്ന് ഡി.എം.ആർ.സി. ചൂണ്ടിക്കാട്ടി. യമുന ബാങ്ക് ഡിപ്പോയിൽ ഏഴും ശാസ്ത്രിപാർക്ക് ഡിപ്പോയിൽ മൂന്നും ട്രെയിനുകൾ പുതുമോടിയിലാക്കിക്കഴിഞ്ഞു.

ട്രെയിനിന്റെ തറ പല ഭാഗങ്ങളിലും തള്ളി നിൽക്കുകയും വിള്ളലുണ്ടാവുകയുമൊക്കെ ചെയ്തിരുന്നു. ഇതെല്ലാം മാറ്റി ഫൈബർ മിശ്രിതമുള്ള ബോർഡ് ചേർത്ത്‌ തറഭാഗം പുതുക്കി. യാത്രക്കാരുടെ സുരക്ഷയ്ക്കും സുഗമയാത്രയ്ക്കും സൗകര്യത്തിനു വേണ്ടിയാണ് ഈ പരിഷ്കാരം. സീലിങ് ഭാഗവും പാസഞ്ചർ ഏരിയയും ഡ്രൈവർ കാബിനുമൊക്കെ പുതുമോടിയിലാക്കി. ട്രെയിനുകൾക്കുള്ളിലെ ഇലക്ട്രിക് പാനലിലാണ് മറ്റൊരു പരിഷ്‌കാരം.

റൂട്ട് മാപ്പ് നേരത്തെ സ്റ്റിക്കറായിരുന്നത് ഇപ്പോൾ എൽ.സി.ഡി. സഹിതമുള്ള ഡിജിറ്റൽ രൂപത്തിലാക്കി. റൂട്ടുകളേയും സ്റ്റേഷനുകളേയും കുറിച്ചുള്ള തത്സമയവിവരങ്ങളും ഈ സ്‌ക്രീൻവഴി യാത്രക്കാർക്കുലഭിക്കും. വണ്ടിക്കുള്ളിൽ പൂർണമായി സി.സി.ടി.വി. നിരീക്ഷണം ഏർപ്പെടുത്തി. ട്രെയിൻ ഓപ്പറേറ്റർക്ക് പ്ളാറ്റ്‌ഫോം വീക്ഷണം ലഭിക്കുന്ന തരത്തിലും ക്യാമറകൾ സ്ഥാപിച്ചു.

ഏതെങ്കിലും തരത്തിലുള്ള പുകയോ ചൂടോ ഉയർന്നാൽ അഗ്നിബാധ ഒഴിവാക്കാനായി പ്രത്യേകം സൈറൺ സംവിധാനവും ഏർപ്പെടുത്തി. മൊബൈലും ലാപ്‌ടോപ്പുകളും റീചാർജ് ചെയ്യാനുള്ള സൗകര്യമുണ്ടാവും. ഓരോ ബോഗിയിലും രണ്ടു സീറ്റുകളിൽ വീതം ഈ സൗകര്യം സജ്ജമാക്കി.