ന്യൂഡൽഹി : കർഷകപ്രക്ഷോഭത്തിൽ കർഷകർക്ക് വീണ്ടും പിന്തുണയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കർഷകരുമായി അടിയന്തരമായി നിരുപാധികം ചർച്ച നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് കെജ്‌രിവാൾ ഞായറാഴ്ച ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
കർഷകരെ അറസ്റ്റുചെയ്ത് നീക്കാൻവേണ്ടി ഡൽഹിയിലെ ഒമ്പതു മൈതാനങ്ങൾ താത്കാലിക ജയിലാക്കി മാറ്റാൻ പോലീസ് സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിരുന്നു.
എന്നാൽ, കർഷകർക്ക് സമരംചെയ്യാൻ അവകാശമുണ്ടെന്ന നിലപാട് സ്വീകരിച്ച എ.എ.പി. സർക്കാർ ആവശ്യം നിരസിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കർഷകർക്ക് പിന്തുണയുമായി കെജ്‌രിവാൾ വീണ്ടും രംഗത്തുവന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷായോട് സംസാരിക്കാൻ ലക്ഷക്കണക്കിന് കർഷകർ ഡൽഹി അതിർത്തിയിൽ കാത്തുകിടക്കുമ്പോൾ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ഡൽഹിയിൽനിന്ന് പോയ ഷാ അങ്ങേയറ്റം നിരുത്തരവാദമാണ് കാണിച്ചതെന്ന് എ.എ.പി. വക്താവ് ദുർഗേഷ് പഥക് ഞായറാഴ്ച കുറ്റപ്പെടുത്തി.
കർഷകസമരം കാരണം കോവിഡ് കേസുകൾ ഉയർന്നേക്കുമെന്ന് ഷാ ഒരുവശത്ത് പറയുമ്പോൾ മറുവശത്ത് തന്റെ ഹൈദരാബാദ് റോഡ്‌ഷോയിൽ വൻ ജനപങ്കാളിത്തം ഉണ്ടായെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഭാഗത്തുനിന്നുള്ള കാപട്യത്തിന്റെ അങ്ങേയറ്റമാണിതെന്ന് ആം ആദ്മി പാർട്ടി വിശ്വസിക്കുന്നു. ഇത്തരം നിരുത്തരവാദപരമായ പ്രവൃത്തിയെ തങ്ങൾ അപലപിക്കുന്നു. ഇത്തരം ആഭ്യന്തരമന്ത്രി ഇന്ത്യയ്ക്ക് ഏറെ ഭീഷണിയാണെന്നാണ് എ.എ.പി.യുടെ വിശ്വാസമെന്നും ഭരദ്വാജ് പറഞ്ഞു .
‘‘ഇന്നത്തെ ഗൗരവകരമായ സാഹചര്യത്തിൽ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി ഡൽഹിയിലില്ല.
പകരം ഹൈദരാബാദിലെത്തി അവിടത്തെ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് വാർത്താസമ്മേളനം നടത്തുന്നു.
ഹൈദരാബാദിൽ അവിടത്തെ കൗൺസിലർമാർക്കുവേണ്ടി തിരഞ്ഞെടുപ്പ് കാമ്പയിൻ നടത്തുകയും വൻ റോഡ്‌ഷോകൾ നയിക്കുകയുമാണ് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി.
ഹൈദരാബാദ് നഗരത്തിലെ വെള്ളക്കെട്ടിനെക്കുറിച്ചും റോഡിലെ കുഴികളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു’’ -എ.എ.പി. വക്താവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സമരത്തിൽ പങ്കെടുക്കാനെത്തിയ പഞ്ചാബ് സ്വദേശി കാറിന് തീപിടിച്ച് മരിച്ചു
ന്യൂഡൽഹി : കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി ഡൽഹിയിലെത്തിയ പഞ്ചാബ് സ്വദേശി ഉറക്കത്തിനിടെ കാറിന് തീപിടിച്ച് മരിച്ചു. ട്രാക്ടർ നന്നാക്കുന്ന ജോലിചെയ്യുന്ന ബർണാല ജില്ലയിലെ ധനോലുവ സ്വദേശി ജനക്‌രാജ് (55) ആണ് മരിച്ചത്. ഡൽഹി-ഹരിയാണ അതിർത്തിയായ ബഹാദുർഗഢിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
ഡൽഹിയിലേക്ക് തിരിച്ച കർഷകരുടെ ട്രാക്ടറുകളുടെ അറ്റകുറ്റപ്പണിക്കുവേണ്ടിയാണ് ജനക് രാജ് എത്തിയത്. ട്രാക്ടറുകൾ നന്നാക്കിയശേഷം രാത്രി കാറിൽ കിടന്നുറങ്ങുകയായിരുന്നു ഇയാൾ. ഇതിനിടെ കാറിന് തീപിടിക്കുകയും പൊള്ളലേറ്റ് മരിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.മരണത്തിൽ ശിരോമണി അകാലിദൾ അനുശോചിച്ചു. ഇന്ത്യൻ കർഷക യൂണിയനിലെ സജീവ പ്രവർത്തകനായിരുന്നു ജനക് രാജെന്നും കർഷകപ്രക്ഷോഭത്തിന്റെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ പേര് എക്കാലവും സ്മരിക്കപ്പെടുമെന്നും പാർട്ടി ട്വീറ്റ് ചെയ്തു. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന എല്ലാ കർഷകസംഘടനകളും അനുശോചിച്ചു.