ന്യൂഡൽഹി : നഗരത്തിൽ ഇപ്പോൾ നടക്കുന്ന കോവിഡ് പരിശോധനകളുടെ എണ്ണം വളരെ കുറവാണെന്നും പരിശോധന സൗജന്യമാക്കണമെന്നും കോൺഗ്രസ് നേതാവ് അൽക്ക ലാംബ. കോവിഡ് കേസുകളിലുണ്ടായ വർധന ‘മൂടിവെക്കാൻ’ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് പകരം കൂടുതൽ റാപ്പിഡ് ആന്റിജൻ പരിശോധന നടത്തിയെന്നും അൽക്ക ഞായറാഴ്ച വാർത്താസമ്മേളനത്തിൽ ആരോപിച്ചു.‘‘നവംബറിൽ പ്രതിദിനം പത്തുലക്ഷത്തിൽ 10,000 പരിശോധന ആവശ്യമായിരിക്കേ സർക്കാർ വെറും 2700 പരിശോധനകൾ മാത്രമാണ് നടത്തിയത്. ആവശ്യമായതിന്റെ 83 ശതമാനം കുറവാണത്. ഉയർന്നനിരക്ക് കാരണം പാവപ്പെട്ടവർ അത് ഒഴിവാക്കുകയാണ്. സർക്കാർ അവർക്ക് പരിശോധന സൗജന്യമാക്കണം’’- അൽക്ക പറഞ്ഞു. നിയമസഭാസമ്മേളനം വിളിച്ചുചേർത്ത് പുതിയ കാർഷിക നിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കണമെന്നും അൽക്ക ആവശ്യപ്പെട്ടു.