ന്യൂഡൽഹി : ഡൽഹിയിൽ ഈമാസം ഇതുവരെ 149 പേർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു. ഒരാഴ്ചയ്ക്കിടെ 60 പുതിയ ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈവർഷം ഇതുവരെ 273 പേർക്കാണ് ഡൽഹിയിൽ ഡെങ്കി സ്ഥിരീകരിച്ചത്.

ഈവർഷം സെപ്റ്റംബർ 25 വരെ 102 പേർക്ക് മലേറിയയും 52 ചിക്കുൻഗുനിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഈവർഷം 273 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചത് 2019-നുശേഷമുള്ള ഏറ്റവും കൂടിയ കണക്കാണ്. 2019-ൽ 282 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്.

കഴിഞ്ഞവർഷം സെപ്റ്റംബറിൽ 188 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കി ബാധിച്ചത്. 2019 സെപ്റ്റംബറിൽ 190 പേർക്കും ഡെങ്കി ബാധിച്ചു. കഴിഞ്ഞ ആറ് വർഷമെടുത്താൽ സെപ്റ്റംബറിലെ ഡെങ്കി കേസുകൾ ഇക്കുറി കുറവാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

വൃത്തിയുള്ള വെള്ളത്തിൽ വളരുന്ന കൊതുകുകളാണ് ഡെങ്കി പരത്തുന്നത്. എന്നാൽ മലേറിയ പരത്തുന്ന കൊതുകുകൾ വളരുന്നത് മലിനജലത്തിലാണ്. ജൂലായ് മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് സാധാരണയായി ഇത്തരം പകർച്ചവ്യാധികൾ വ്യാപിക്കുന്നത്. ചിലപ്പോൾ ഡിസംബർ പകുതി വരെയും ഇത് നീണ്ടുപോയേക്കും.