ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ റാലി സംഘർഷത്തിൽ കലാശിച്ച അനുഭവമുള്ളതിനാൽ ഭാരതബന്ദിൽ ഡൽഹി പോലീസ് കൂടുതൽ കരുതലൊരുക്കി. സമാധാനപരമായിട്ടാണ് പ്രതിഷേധങ്ങൾ നടക്കുകയെന്ന് കിസാൻ മോർച്ച നേതാക്കൾ പ്രഖ്യാപിച്ചിരുന്നെങ്കിലും കനത്ത കാവലിലായിരുന്നു തിങ്കളാഴ്ച തലസ്ഥാനം.

ചെങ്കോട്ടയിലേക്കുപോവുന്ന ഛത്ത റെയിൽ, സുഭാഷ് മാർഗ് എന്നിവിടങ്ങളിൽ ഇരുഭാഗങ്ങളിലും ഗതാഗതം നിരോധിച്ചു. ധൻസ അതിർത്തിവഴിയുള്ള ഗതാഗതവും പോലീസ് അനുവദിച്ചില്ല. ദേശീയപാത 24, കർഷകർ ഉപരോധിച്ചതോടെ, സരായ് കലേഖാൻ ഭാഗത്തുനിന്നുവരുന്നവർ ഗാസിയാബാദിലേക്ക് വികാസ് മാർഗ് വഴി പോവണമെന്ന് പോലീസ് ട്വീറ്റുചെയ്തു. വികാസ് മാർഗ്, സിഗ്നേച്ചർ ബ്രിഡ്ജ്, വസീറാബാദ് ഭാഗങ്ങളിലൂടെ ഗതാഗതം വഴിതിരിച്ചുവിട്ടു. ദേശീയപാത 24, ഒമ്പത് എന്നിവിടങ്ങളിൽനിന്നും മഹാരാജ്പുർ, അപ്‌സര, ഭോപ്ര അതിർത്തികളിലൂടെയും വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.

പോലീസ് ബാരിക്കേഡുകൾ കൂടുതലായി നിരന്നതോടെ കാളിന്ദി കുഞ്ജ് ഫ്‌ളൈ ഓവറിലും രാജോക്രി ടോൾ പ്ലാസയിലുമൊക്കെ വാഹനഗതാഗതത്തിന്റെ വേഗം കുറഞ്ഞു. ശാസ്ത്രിപാർക്കിലും കശ്മീരിഗേറ്റിലുമൊക്കെ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായി.

ഡൽഹി-ഗാസിയാബാദ് റൂട്ടിൽ ഗതാഗതം അനുവദിക്കില്ലെന്ന് നേരത്തേതന്നെ പോലീസ് സൂപ്രണ്ട് ഗ്യാനേന്ദ്ര സിങ് പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഗാസിയാബാദ്-ആനന്ദ് വിഹാർ, ദിൽഷാദ് ഗാർഡൻ-അപ്‌സര സിനിമ, തുളസി നികേതൻ എന്നീ ഭാഗങ്ങൾ ഗതാഗതത്തിനു തുറന്നുകൊടുത്തു. ഗാസിയാബാദിനെയും നിസാമുദ്ദീനെയും ബന്ധിപ്പിക്കുന്ന ദേശീയപാത രാവിലെ ഏറെനേരം പോലീസ് അടച്ചിട്ടു.

അതിർത്തികളടക്കം പലയിടങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നതായി ഡൽഹി പോലീസ് വക്താവ് അറിയിച്ചു. പട്രോളിങ് ഊർജിതമാക്കിയതിനുപുറമേ, പോലീസ് പിക്കറ്റുകളിൽ കൂടുതൽപ്പേരെ വിന്യസിച്ചു. അതിർത്തികളിലൂടെ കടന്നുവരുന്ന വാഹനങ്ങളെല്ലാം കർശനപരിശോധനയ്ക്കു വിധേയമാക്കി. ഇന്ത്യാഗേറ്റിലും വിജയ് ചൗക്കിലുമൊക്കെ കൂടുതൽ പോലീസിനെ വിന്യസിച്ചിരുന്നതായും കർശനനിരീക്ഷണം ഏർപ്പെടുത്തിയിരുന്നതായും ന്യൂഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ദീപക് യാദവ് മാധ്യമങ്ങളോടു പറഞ്ഞു. മൂന്ന് അതിർത്തികളിലും സമരം ചെയ്യുന്ന കർഷകർക്കാർക്കും ഡൽഹിയിലേക്കു പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നില്ല.

ഇനിയെങ്കിലും കർഷകരെ കേൾക്കൂ -കേന്ദ്രത്തോട് മുഖ്യമന്ത്രി

ന്യൂഡൽഹി : ഇനിയെങ്കിലും കർഷകർ പറയുന്നതു കേൾക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു. കർഷകരുടെ ആവശ്യം അംഗീകരിക്കുന്നത് ഒരു കീഴടങ്ങലായി കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭഗത് സിങ്ങിന്റെ ജന്മവാർഷികം ആഘോഷിക്കുകയാണ് നമ്മൾ. രാജ്യത്തിനുവേണ്ടി ത്യാഗം അനുഷ്ഠിച്ചയാളാണ് അദ്ദേഹം. കർഷകർ സ്വന്തം ആവശ്യങ്ങൾക്കും അവകാശത്തിനുമായി രാപകൽ പ്രക്ഷോഭം നടത്തേണ്ട തരത്തിലുള്ള ഒരു സ്വാതന്ത്ര്യത്തിനുവേണ്ടിയല്ല ഭഗത് സിങ് പോരാടിയതെന്നും മുഖ്യമന്ത്രി കേന്ദ്രസർക്കാരിനെ ഓർമിപ്പിച്ചു. ഭഗത് സിങ്ങിന്റെ ജന്മദിന വാർഷികത്തിൽ കർഷകർക്ക് ഭാരതബന്ദ് നടത്തേണ്ടിവന്നത് ദുഃഖകരമാണമെന്നും കെജ്‌രിവാൾ പറഞ്ഞു.