മുംബൈ : ബജറ്റിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഇന്ത്യൻ ഓഹരിവിപണിയിൽ ഇടിവു തുടരുന്നു. തുടർച്ചയായ നാലാം വ്യാപാരദിനത്തിലും ഇരുസൂചികകളും നഷ്ടത്തിലവസാനിച്ചു. 1.94 ശതമാനം നഷ്ടം നേരിട്ട സെൻസെക്സിന് 48,000 നിലവാരവും 1.91 ശതമാനം ഇടിവുനേരിട്ട നിഫ്റ്റിക്ക് 14,000 നിലവാരവും നഷ്ടമായി.
റിലയൻസിന്റെയും സ്വകാര്യ ബാങ്കുകളുടെയും ഓഹരികൾ പിന്നാക്കം പോയതോടെ സെൻസെക്സ് 937.66 പോയന്റ് നഷ്ടത്തിൽ 47,409.93 പോയന്റിലേക്ക് കൂപ്പുകുത്തി. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 271.40 പോയന്റ് കുറഞ്ഞ് 13,967.5 പോയന്റിലാണ് ക്ലോസ് ചെയ്തത്. ബുധനാഴ്ച നിക്ഷേപകർക്ക് ഏകദേശം 2.6 ലക്ഷം കോടി രൂപയാണ് വിപണിമൂല്യത്തിൽ കുറവുണ്ടായത്.
റിലയൻസ് ഓഹരിവില 1900 രൂപയ്ക്കു താഴെയായി. ടാറ്റ മോട്ടോഴ്സ് 4.44 ശതമാനം ഇടിവുനേരിട്ടു. ടാറ്റ സ്റ്റീൽ, ഇൻഡസിൻഡ് ബാങ്ക്, ഹിൻഡാൽകോ, ഹീറോ മോട്ടോകോർപ്, ആക്സിസ് ബാങ്ക്, മഹീന്ദ്ര, എച്ച്.ഡി. എഫ്.സി. ബാങ്ക് തുടങ്ങിയവയും ബുധനാഴ്ച നഷ്ടംരേഖപ്പെടുത്തി.