ന്യൂഡൽഹി : ഛഠ് പൂജ പൊതുസ്ഥലത്ത്‌ നടത്താനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബി.ജെ.പി. പ്രത്യേക വാക്സിനേഷൻ ആരംഭിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ ബുറാഡിയിൽ കേന്ദ്ര നഗരവികസനമന്ത്രി ഹർദീപ് സിങ് പുരി ഉദ്ഘാടനംചെയ്തു. മനോജ് തിവാരി എം.പി.യുടെ ചടങ്ങിൽ സംബന്ധിച്ചു.

‘ഛാഠി മയ്യയുടെ അനുഗ്രഹം തേടുന്നു’ എന്ന് കേന്ദ്രമന്ത്രി ഭോജ്പുരിയിൽ കുറിച്ചതും ശ്രദ്ധേയമായി. പുഴയോരങ്ങൾ, ജലാശയങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ഛാഠ് പൂജ നടത്തരുതെന്നാണ് സെപ്റ്റംബർ 30-ന് ഡൽഹി ദുരന്തനിവാരണ സമിതിയുടെ നിർദേശം. എന്നാൽ, ഛഠ് പൂജ കോവിഡ് നിയന്ത്രണങ്ങളോടെ നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി.യും കോൺഗ്രസും രാഷ്ട്രീയവിവാദമുയർത്തി. തുടർന്ന്, പ്രത്യേകം മാർഗരേഖ ആവശ്യപ്പെട്ട് സംസ്ഥാനസർക്കാർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സമീപിച്ചു.

ഈ പശ്ചാത്തലത്തിൽ ഛഠ് പൂജ നടത്തുന്നതിനെക്കുറിച്ച് ബുധനാഴ്ച വിളിച്ച യോഗത്തിൽ ദുരന്തനിവാരണസമിതി ചർച്ച നടത്തും. ആഘോഷം പൊതുസ്ഥലത്തു നടത്താൻ സമിതി അനുവാദം നൽകിയേക്കുമെന്നും അറിയുന്നു.

അതേസമയം, പൊതുസ്ഥലത്ത് സുരക്ഷിതമായി നടത്താനാണ് ബി.ജെ.പി.യുടെ വാക്സിനേഷൻ ക്യാമ്പുകൾ എന്നും നഗരത്തിൽ പതിനായിരം പേർക്ക് വാക്സിൻ നൽകുമെന്നും മനോജ് തിവാരി എം.പി. അറിയിച്ചു. സുരക്ഷിതമായി ആഘോഷം സംഘടിപ്പിക്കാനാണ് വാക്സിൻ ക്യാമ്പുകളെന്നും തിവാരി പറഞ്ഞു.

ബിഹാറിലും കിഴക്കൻ യു.പി.യിലുമുള്ള പൂർവാഞ്ചൽ സ്വദേശികളുടെ ഉത്സവമാണ് ഛഠ് പൂജ. സ്ത്രീകൾ വ്രതമെടുത്ത് അസ്തമനവേളയിൽ ജലാശയത്തിൽ സൂര്യപൂജ നടത്തും. ദീപാവലിക്കു ശേഷമുള്ള ഉത്സവമാണ് ഛഠ്പൂജ.

ഡൽഹിയിൽ 60 ലക്ഷത്തിലേറെ പൂർവാഞ്ചൽ സ്വദേശികളുണ്ടെന്നാണ് കണക്കുകൾ. അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ ഈ വോട്ടുബാങ്കിൽ കണ്ണുനട്ടാണ് ഇപ്പോൾ ഛഠ് പൂജയെച്ചൊല്ലിയുള്ള രാഷ്ട്രീയ വാദപ്രതിവാദങ്ങളെന്നാണ് വിലയിരുത്തൽ.