ന്യൂഡൽഹി : കേരളപ്പിറവി ദിനാഘോഷങ്ങളെക്കുറിച്ച് ആലോചിക്കാൻ കേരളാ ഹൗസിൽ വിളിച്ചുചേർത്ത യോഗത്തിൽ ഡൽഹിയിലെ ചില മലയാളി സംഘടനകളെ അവഗണിച്ചതായി പരാതി.

തിങ്കളാഴ്ച നടത്തിയ യോഗത്തിൽ നവോദയവും ബാലഗോകുലവും ഉൾപ്പെടെയുള്ള ചില സംഘടനകളെ ഒഴിവാക്കുകയും ഇടതുപക്ഷ ആഭിമുഖ്യമുള്ള സംഘടനയെ ഉൾപ്പെടുത്തുകയും ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് നവോദയം പ്രസിഡന്റ് എം.ആർ. വിജയൻ പറഞ്ഞു.

മുൻപ് കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത് വിളിച്ചുചേർത്ത യോഗത്തിലും ഡൽഹിയിലെ പ്രമുഖ മലയാളി സംഘടനകളെ ഒഴിവാക്കിയിരുന്നു. അന്ന് വ്യാപകമായ പ്രതിഷേധങ്ങളെ തുടർന്ന് ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് കേരളാഹൗസ് അധികൃതർ ഉറപ്പ് നൽകിയിരുന്നു.

റസിഡന്റ് കമ്മിഷണറാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തതെന്നാണ് ഇൻഫർമേഷൻ ഓഫീസിൽ അന്വേഷിച്ചപ്പോൾ അറിഞ്ഞത്. എന്നാൽ റസിഡന്റ് കമ്മിഷണർ പറയുന്നത് അദ്ദേഹത്തിന് അറിയില്ലെന്നാണെന്നും എം.ആർ. വിജയൻ ചൂണ്ടിക്കാട്ടി.