ന്യൂഡൽഹി: കെ.പി.സി.സി. പുനഃസംഘടന വേഗത്തിലാക്കാൻ കേരളനേതൃത്വം. സംസ്ഥാന സെക്രട്ടറിമാരുടെ പട്ടിക ഒരാഴ്ചയ്ക്കകം ഹൈക്കമാൻഡിനു കൈമാറും. 25 മുതൽ 30 വരെ സെക്രട്ടറിമാർ ഉണ്ടാകുമെന്നാണറിയുന്നത്. ആകെയുള്ള ജനറൽ സെക്രട്ടറിമാർക്ക് രണ്ടുവീതം സെക്രട്ടറിമാർ എന്ന കണക്കായിരുന്നു കീഴ്‌വഴക്കമെങ്കിലും ഇത്തവണ അതുണ്ടാവില്ല.

വിവിധ വകുപ്പുകൾ തിരിച്ചാണ് സെക്രട്ടറിമാരെ നിശ്ചയിക്കുക എന്നാണു സൂചന. സഹകരണം, ധനകാര്യം, നിയമം തുടങ്ങിയ വിവിധ മേഖലകളായി ജനറൽ സെക്രട്ടറിമാരെ തിരിച്ച് അവർക്ക് സഹായിയെ നിശ്ചയിക്കുന്ന രീതിയാവും ഉണ്ടാവുക. നിലവിൽ 23 ജനറൽ സെക്രട്ടറിമാരാണ് കെ.പി.സി.സി.ക്കുള്ളത്. ഇവർക്ക് ഓരോ ജനറൽ സെക്രട്ടറി വീതവും അത്യാവശ്യം വേണ്ടിടത്ത് ഒന്നിലധികവും എന്ന രീതിയിൽ വരുമ്പോൾ 30 സെക്രട്ടറിവരെയെത്തിയേക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നത്.