ന്യൂഡൽഹി : വീടുകളിലേക്കുള്ള കുടിവെള്ള കണക്ഷൻ ഇനി നേരിട്ടു നൽകാനും അറ്റകുറ്റപ്പണികളുടെ ചുമതല സ്വയം നിർവഹിക്കാനും ഡൽഹി ജലബോർഡ് തീരുമാനം. ജലവിഭവമന്ത്രി സത്യേന്ദർ ജെയിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ നിർണായകതീരുമാനം. കുടിവെള്ളകണക്ഷൻ നൽകുന്നതിലും മീറ്ററുകൾ സ്ഥാപിക്കുന്നതിലും അറ്റകുറ്റപ്പണികളിലുമൊക്കെ ഇടനിലക്കാരെ ഒഴിവാക്കുകയാണ് ലക്ഷ്യം.

വീടുകളിലേക്കുള്ള കണക്ഷനുകളും പൈപ്പ് ലൈൻ ഇടലും മീറ്റർ സ്ഥാപിക്കുന്നതുമൊക്കെ ഇനി ജലബോർഡ് നേരിട്ടു ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

വെള്ളം മലിനമാകൽ, അനധികൃത കണക്ഷൻ കുറയ്ക്കൽ, മീറ്ററുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തൽ തുടങ്ങിയ പരാതികൾ പരിഹരിക്കാൻ ഇതു സഹായിക്കും.

നിലവിൽ 13,000 കിലോമീറ്റർ പൈപ്പ് ലൈൻ മാത്രമേ ജലബോർഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളൂ. വീട്ടിലേക്കുള്ള കണക്ഷൻ ഉപയോക്താക്കളുടെ ഉത്തരവാദിത്വമായിരുന്നു. ഈ രീതിക്കു മാറ്റം വരും. പുതിയ തീരുമാനത്തോടെ നഗരത്തിലെ ജലവിതരണത്തിന്റെ പരിപൂർണ ഉത്തരവാദിത്വം ജലബോർഡിന്റേതായി മാറുമെന്നും മന്ത്രി വ്യക്തമാക്കി.

പലപ്പോഴും സ്വന്തം പരിധിയിൽ വരാത്ത വിഷയമായതിനാൽ പരാതികളും പ്രശ്നങ്ങളും പരിഹരിക്കാൻ ജലബോർഡ് മുതിരാറില്ല.

പുതിയ നയത്തോടെ ഇതിനൊക്കെ പരിഹാരമാവും. മീറ്ററുകൾ സ്ഥാപിക്കാനും നിരക്കുകളും പുതുക്കി നിശ്ചയിച്ചു. എ, ബി, സി വിഭാഗത്തിലുള്ള കോളനികളിൽ നാലായിരം രൂപയാണ് നിരക്ക്.

ഡി, ഇ വിഭാഗത്തിലുള്ളവയ്ക്ക് രണ്ടായിരം രൂപയും എഫ്, ജി, എച്ച് വിഭാഗത്തിലുള്ളവയ്ക്ക് ആയിരം രൂപയും നിരക്കു നിശ്ചയിച്ചു.

ഗ്രാമങ്ങളിൽ കണക്ഷൻ നൽകാൻ ആയിരം രൂപ നിശ്ചയിച്ചു. വാണിജ്യ കണക്ഷനുകൾക്ക് ആഭ്യന്തര ഉപയോക്താക്കളുടേതിന്റെ ഇരട്ടി തുകയാക്കി.

ഓഖ്‌ലയിൽ പുതിയ ജലസംസ്കരണ നിലയം സ്ഥാപിക്കാനുള്ള പദ്ധതിക്കും ജലബോർഡ് അംഗീകാരം നൽകി. ഇരുപത് എം.ജി.ഡി. വെള്ളം സംസ്കരിക്കാനുള്ള ശേഷിയുള്ളതാണ് നിലയം.

തടാകങ്ങൾ, ഭൂഗർഭം എന്നിവയിലെ ജലശേഷി കൂട്ടി വെള്ളത്തിന്റെ തോതു വർധിപ്പിക്കും. അടുത്ത വർഷം മേയോടെ പദ്ധതി പൂർത്തീകരിക്കാൻ ജലബോർഡ് തീരുമാനിച്ചു.

ഡൽഹിയിലെ പത്തോളം നിയമസഭാ മണ്ഡലങ്ങളിലെ താമസക്കാർക്ക് പദ്ധതി ഉപകരിക്കുമെന്ന് ജലമന്ത്രി അറിയിച്ചു.