മുംബൈ : ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന എൻ.സി.ബി ഉദ്യോഗസ്ഥൻ സമീർ വാംഖഡെയ്ക്കുനേരെ കൂടുതൽ ആരോപണങ്ങൾ. സമീർ വാംഖഡെയ്ക്കെതിരേയുള്ള കത്ത് എൻ.സി.പി. നേതാവും മന്ത്രിയുമായ നവാബ് മാലിക് പുറത്തുവിട്ടു.

പേര് വെളിപ്പെടുത്താത്ത ഒരു എൻ.സി.ബി. ഉദ്യോഗസ്ഥന്റേതാണ് കത്ത് എന്നാണ് നവാബ് മാലിക് പറയുന്നത്. ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീർ വാംഖഡെ പണം തട്ടിയെന്ന് കത്തിൽ പറയുന്നതായി നവാബ് മാലിക് ആരോപിക്കുന്നു. ദീപിക പദുകോൺ, രാകുൽ പ്രീത് സിങ്, ശ്രദ്ധ കപൂർ, അർജുൻ രാംപാൽ എന്നിവരെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റി എന്നാണ് ആരോപണം. അഭിഭാഷകനായ അയാസ് ഖാൻ വഴിയാണ് പണം കൈപ്പറ്റിയതെന്നും പറയുന്നു. തട്ടിപ്പ്, കൃത്രിമത്തെളിവുകൾ ഉണ്ടാക്കിയാണെന്നും കത്തിൽ പറയുന്നുണ്ട്. ലഹരിമരുന്ന് ഇടപാടുകാരുമായി വാംഖഡെയ്ക്ക് ബന്ധമുണ്ടെന്ന് കത്തിൽ പറയുന്നുണ്ട്. 26 കേസുകളുടെ വിവരങ്ങൾ കത്തിലുണ്ടെന്നാണ് റിപ്പോർട്ട്. കത്ത് എൻ.സി.ബി. തലവന് കൈമാറുമെന്നാണ് വിവരം. ആര്യൻകേസിലെ സാക്ഷികളിലൊരാൾതന്നെ 25 കോടി രൂപയുടെ കൈക്കൂലിയാരോപണം ഉന്നയിച്ചതോടെ സമീർ വാംഖഡെയ്ക്കെതിരേ എൻ.സി.ബി. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മകൻ ചക്രവ്യൂഹത്തിൽ -നാംദേവ് വാംഖഡെ

മഹാഭാരതത്തിൽ ശത്രുക്കളാൽ ചുറ്റപ്പെട്ട അഭിമന്യുവിനെപ്പോലെയാണ് തന്റെ മകനെന്നും എന്നാൽ, ഈ ചക്രവ്യൂഹത്തിൽനിന്ന് അവൻ പുറത്തുവരുമെന്നും സമീർ വാംഖഡെയുടെ പിതാവ് നാംദേവ് വാംഖഡെ പറഞ്ഞു. ‘‘സമീർ വാംഖഡെയുടെ ജനനസർട്ടിഫിക്കറ്റ് പുറത്തുവിട്ട് ഞങ്ങളെ അപകീർത്തിപ്പെടുത്തുന്നതിനുപിന്നിൽ മാലിക്കിന് എന്തെങ്കിലും ദുരുദ്ദേശ്യമുണ്ടെന്ന് തോന്നുന്നു. ഞാൻ കോളജിൽ പഠിച്ചിട്ടുണ്ട്. സർക്കാർജോലിക്കാരനായിരുന്നു. എന്റെ പേര് ദാവൂദ് എന്നാണെങ്കിൽ അവരാരും അറിയാതെപോയത് എങ്ങനെയാണ്? എങ്ങനെയാണ് മാലിക്കിനുമാത്രം ഈ രേഖ ലഭിക്കുന്നത്. എന്റെ ഭാര്യ ആറുവർഷംമുൻപ് മരിച്ചു. ഒരിക്കൽ അവർ തയ്യാറാക്കിയ ഒരു സത്യവാങ്മൂലത്തിൽപോലും എന്റെ പേര് നാംദേവ് വാംഖഡെ എന്നാണ്. ജാതിസർട്ടിഫിക്കറ്റും എന്റെ പക്കലുണ്ട്’’ -വാംഖഡെയുടെ പിതാവ് പറഞ്ഞു. മരുമകനെ (സമീർ ഖാൻ) എൻ.സി.ബി. ജയിലിലാക്കിയതിൽ നവാബ് മാലിക്കിന് വേദനിച്ചിട്ടുണ്ടാകാമെന്നും സമീർ പുറത്തിറങ്ങിയശേഷമാണ് മാലിക് ഇപ്പോൾ സംസാരിച്ചുതുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. വാംഖഡെയുടെ ഭാര്യ ക്രാന്തി രേദ്ഖറും രംഗത്തെത്തിയിട്ടുണ്ട്.