ന്യൂഡൽഹി : കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ സമീപനഗരങ്ങളിൽനിന്ന് ഡൽഹിയിലേക്ക് വെള്ളിയാഴ്ചയും മെട്രോ തീവണ്ടികൾ സർവീസ് നടത്തില്ലെന്ന് ഡി.എം.ആർ.സി. അറിയിച്ചു. വ്യാഴാഴ്ചയും സർവീസ് നടന്നിരുന്നില്ല. എന്നാൽ, ഡൽഹിയിൽനിന്ന് അയൽനഗരങ്ങളിലേക്ക് മെട്രോ സർവീസ് ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.
പ്രതിഷേധത്തിനെത്തുന്ന കർഷകരെ കണ്ടെത്താൻ ഡൽഹിയിലേക്കുള്ള റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് കനത്ത പരിശോധനയാണ് നടത്തുന്നത്. ഇതേത്തുടർന്ന് മെട്രോ തീവണ്ടി മാർഗം കർഷകർ എത്തുന്നത് തടയാൻവേണ്ടിയാണ് സർവീസ് നിർത്തിവെയ്ക്കുന്നത്. ഡൽഹി പോലീസിന്റെ നിർദ്ദേശപ്രകാരം സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണ് ഡൽഹിയിലേക്കുള്ള സർവീസ് റദ്ദാക്കിയതെന്ന് ഡി.എം.ആർ.സി. ട്വീറ്റ് ചെയ്തു. സമരത്തിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമുതലാണ് ഡൽഹിയിൽനിന്ന് അയൽനഗരങ്ങളിലേക്ക് മെട്രോ സർവീസ് നടന്നത്. ഉത്തർപ്രദേശിലെ നോയ്ഡ, ഗാസിയാബാദ് ഹരിയാണയിലെ ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് ഡൽഹി മെട്രോയ്ക്ക് സർവീസുണ്ട്. അതിനാൽ, ഇവിടെനിന്ന് കർഷകർ മെട്രോ മാർഗം എത്തുന്നത് തടയാനാണ് പോലീസിന്റെ ശ്രമം.