ന്യൂഡൽഹി : സരിതാ വിഹാർ സെയ്ന്റ് തോമസ് ഇടവകയുടെ നേതൃത്വത്തിൽ നടത്തുന്ന 43-ാമത് കൽക്കാജി ഓർത്തഡോക്സ് ബൈബിൾ കൺവെൻഷൻ വെള്ളിയാഴ്ച ആരംഭിക്കും. വൈകീട്ട് 6.30-ന് യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് സൺഡേ സ്കൂളിൽ 10, 12 ക്ലാസുകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള ടി.വി. ജോസഫ് സ്മാരക പുരസ്കാരങ്ങൾ വിതരണം ചെയ്യും.
സരിതാ വിഹാർ പള്ളിയിൽ നടക്കുന്ന കൺവെൻഷന് വികാരി ഫാ. ബിനു ബി. തോമസ് നേതൃത്വം നൽകും. ശനിയാഴ്ച രാത്രി എട്ടിന് ഓർത്തഡോക്സ് സെന്റർ ഓഫീസ് സെക്രട്ടറി ഫാ. എബിൻ പി. ജേക്കബ് വചന ശുശ്രൂഷ നിർവഹിക്കും.
ഞായറാഴ്ച രാവിലെ നടക്കുന്ന പ്രഭാത നമസ്കാരത്തിനും വിശുദ്ധ കുർബാനയ്ക്കും സാം വി. ഗബ്രിയേൽ കോർഎപ്പിസ്കോപ്പ നേതൃത്വം നൽകും. തുടർന്ന് കൺവെൻഷൻ സമാപിക്കും.