ന്യൂഡൽഹി : കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തുന്ന കാര്യം സജീവമായി പരിഗണിക്കുന്നുണ്ടെന്ന് ഡൽഹി സർക്കാർ വ്യാഴാഴ്ച ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.
നഗരത്തിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ എന്തുനടപടിയാണ് സ്വീകരിക്കുന്നതെന്ന് കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. ഇതിനു മറുപടിയായാണ് കർഫ്യൂവിന്റെ കാര്യം സർക്കാർ അറിയിച്ചത്.
കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ കൺടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് ലോക്ഡൗൺ ഏർപ്പെടുത്താൻ പാടില്ലെന്ന് ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചിരുന്നു.
എന്നാൽ, രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നതിന് അനുവാദം നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്ഥിതിഗതികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി രാത്രി കർഫ്യൂ പോലുള്ള പ്രാദേശികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. എന്നാൽ, ഈ നിയന്ത്രണങ്ങൾ സംസ്ഥാനത്തിനകത്തോ പുറത്തോ ഉള്ള ആളുകളുടെയും ചരക്കുകളുടെയും നീക്കത്തെ തടസ്സപ്പെടുത്തുന്നതാകരുതെന്നും മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് മഹാമാരി ആരംഭിച്ചത് മുതൽ നഗരത്തിലെ പ്രവർത്തനങ്ങളെല്ലാം ഹൈക്കോടതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പൊതുയിടങ്ങളിൽ ഒത്തുചേരുന്നതിനും ഗതാഗതത്തിനുമുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് നവംബർ 11-ന് കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. കേസുകളുടെ എണ്ണം വർധിച്ചിട്ടും എന്തുകൊണ്ട് സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് കഴിഞ്ഞയാഴ്ചയാണ് കോടതി ചോദിച്ചത്.