ന്യൂഡൽഹി : കോവിഡ് മഹാമാരിയുടെ കുതിപ്പുണ്ടായിട്ടും ഡൽഹിയിലെ ആരോഗ്യരംഗം തകർന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സമീപകാലത്ത് ഡൽഹിയിൽ നടപ്പാക്കിയ പരിഷ്കാരങ്ങളും മികച്ച ആരോഗ്യമികവുമാണ് ഇതിനു കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ന്യൂയോർക്ക് പോലുള്ള പല ലോകനഗരങ്ങളിലും ആരോഗ്യ സൗകര്യം തകർന്നു. എന്നാൽ, വീടുകളിൽ ഏകാന്തവാസം പോലുള്ള മുൻകരുതലുകൾ ഡൽഹിയിലെ സ്ഥിതി മെച്ചപ്പെടുത്തി. ആദ്യഘട്ടത്തിൽ 3.12 ലക്ഷംപേർ വീടുകളിലെ ഏകാന്തവാസത്തിലൂടെ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്ലാസ്മ ബാങ്ക് ആദ്യം തുടങ്ങിയതു ഡൽഹിയിലായിരുന്നു. പിന്നീടതു ലോകരാജ്യങ്ങൾ മാതൃകയാക്കി. ഡൽഹിയിലെ ഇതുവരെ 4929 പേർ പ്ലാസ്മ തെറാപ്പിയിലൂടെ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വേളയിൽ വൻതോതിൽ നികുതിവരുമാനത്തിൽ ഇടിവുണ്ടായിട്ടും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിലോ പ്രധാനപ്പെട്ട പദ്ധതികൾ നടപ്പാക്കുന്നതിലോ സംസ്ഥാനസർക്കാർ വീഴ്ച വരുത്തിയിട്ടില്ല. സൗജന്യവൈദ്യുതി, ജലവിതരണം തുടങ്ങിയവയൊക്കെ ഇപ്പോഴും തുടരുന്നു.
കഴിഞ്ഞമാസങ്ങളിൽ 38 ലക്ഷംപേർക്ക് ഒരു വൈദ്യുതിബില്ലും അടയ്ക്കേണ്ടിവന്നിട്ടില്ല. 14 ലക്ഷം ഉപഭോക്താക്കൾക്ക് വെള്ളക്കരവും നൽകേണ്ടിവന്നിട്ടില്ല. മാർച്ചോടെ വീട്ടുപടിക്കൽ സേവനം മികച്ചരീതിയിൽ നടപ്പാക്കും. കൂടാതെ, പൊതുവിതരണസമ്പ്രദായം വിപ്ലവകരമാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഡൽഹിയിലെ പൗരന്മാരുടെ എല്ലാ ആരോഗ്യവിവരങ്ങളും രേഖപ്പെടുത്തുന്നവിധത്തിൽ ഹെൽത്ത് കാർഡുകളും വിതരണംചെയ്യും. സർക്കാർ-സ്വകാര്യ ആശുപത്രികളെ ബന്ധിപ്പിച്ച് ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം തയ്യാറാക്കും. യമുനാശുചീകരണ പദ്ധതി ത്വരിതഗതിയിൽ മുന്നോട്ടുപോവുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.