ന്യൂഡൽഹി : രാജവീഥിയിൽ വിസ്മയക്കാഴ്ചകളും സൈനികക്കരുത്തും പ്രകടമാക്കി റിപ്പബ്ലിക് ദിനാഘോഷം ചൊവ്വാഴ്ച അരങ്ങേറും. കഴിഞ്ഞ 55 വർഷങ്ങളിൽ ആദ്യമായി ഇത്തവണ വിദേശത്തു നിന്നുള്ള മുഖ്യാതിഥി ആഘോഷത്തിലുണ്ടാവില്ല. കോവിഡ് പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വരവു മുടങ്ങിയതാണ് ഇത്തവണ മുഖ്യാതിഥിയില്ലാത്തതിനുകാരണം. അംഗബലവും ദൈർഘ്യവുമൊക്കെ കുറച്ചാണ് ഇത്തവണത്തെ പരേഡന്നതാണ് മറ്റൊരു പ്രത്യേകത.
കോവിഡ് പ്രോട്ടോകോൾ കണക്കിലെടുത്ത് പൊതുസന്ദർശകരെ ഗണ്യമായി കുറച്ചതോടെ ഇത്തവണത്തെ ആഘോഷം വി.ഐ.പി. ചടങ്ങായി മാറും. സാധാരണ 1.25 ലക്ഷം പേർക്ക് പരേഡ് വീക്ഷിക്കാൻ പാസു നൽകാറുണ്ട്. എന്നാൽ, ഇത്തവണ കാൽലക്ഷം പേർക്കുമാത്രമേ നൽകിയിട്ടുള്ളൂ. അതിൽ തന്നെ പൊതുജനങ്ങളിൽ നാലായിരംപേർക്കു മാത്രമേ പാസനുവദിച്ചിട്ടുള്ളൂ. ബാക്കിയുള്ളവരെല്ലാം വി.വി.ഐ.പി.കളും വി.ഐ.പി.കളുമായിരിക്കും.
കോവിഡ് കണക്കിലെടുത്തുള്ള ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഈ വർഷം പരേഡ് ആസ്വദിക്കാൻ സൗജന്യപ്രവേശനമുണ്ടാകില്ല. സാധാരണ ചെങ്കോട്ട വരെ നീളുന്ന പരേഡ് ഇക്കുറി ഇന്ത്യാഗേറ്റിൽ സമാപിക്കും. സാധാരണ പരേഡിൽ ഓരോ വിഭാഗത്തിലും 144 പേരാണുണ്ടാകുകയെങ്കിൽ ഈ വർഷം 96 ആയി കുറച്ചു. ക്ഷണപത്രമോ പരേഡിനുള്ള ടിക്കറ്റോ കൈവശമുള്ളവരെ മാത്രമേ രാജ്പഥിലേക്കു പ്രവേശിപ്പിക്കൂ. പതിനഞ്ചുവയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനമില്ല. പാസോ, ടിക്കറ്റോ കൈവശമില്ലാത്തവർക്ക് വീടുകളിലിരുന്ന് ടി.വി.യിൽ പരിപാടി ആസ്വദിക്കണമെന്നാണ് ഡൽഹി പോലീസിന്റെ അഭ്യർഥന.
പാസുലഭിച്ചവർ ബാഗ്, പിൻ, ഭക്ഷണവസ്തുക്കൾ, ക്യാമറ, ബൈനോക്കുലർ, ഹാൻഡിക്യാം, ഐപാഡ്, ലാപ്ടോപ്, പവർ ബാങ്ക് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കൈവശം വെക്കരുതെന്ന് പോലീസ് നിർദേശിച്ചു. റിമോട്ട് കൺട്രോൾ കാർ കീ, തെർമൽ ഫ്ളാസ്ക്, സിഗരറ്റ്, വെള്ളക്കുപ്പി, തീപ്പെട്ടി, ലൈറ്റർ, കത്തി, കത്രിക, മദ്യം, സ്പ്രേ, കുട, ടോയ് ഗൺ തുടങ്ങിയവയും സന്ദർശകർ കൈവശം വെച്ചുകൂടാ. കേന്ദ്രഭരണപ്രദേശമായ ലഡാക്ക് ആദ്യമായി പങ്കെടുക്കുന്നതാണ് ഇത്തവണത്തെ മറ്റൊരു സവിശേഷത.