ലായനി വികസിപ്പിച്ചുതുടങ്ങി

ന്യൂഡൽഹി : വായുമലിനീകരണം ചെറുക്കാൻ വളലായനി തയ്യാറാക്കിത്തുടങ്ങി. ഖഡ്ഖഡി നഗറിൽ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു. പുസ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് വളലായനി വികസിപ്പിക്കുന്നത്. ഇത്തവണ ഡൽഹിയിലെ 844 കൃഷിക്കാർ 4200 ഏക്കർ കൃഷിഭൂമിയിൽ വളലായനി തളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഒരേക്കറിന് ആയിരം രൂപയിൽതാഴെ മാത്രമേ ചെലവുവരൂ. വയലുകളിൽ കാർഷികാവശിഷ്ടങ്ങൾക്ക്‌ തീയിടുന്നതിനുപകരം ജൈവവളമാക്കുന്ന രീതി പ്രയോജനപ്പെടുത്തണമെന്നാണ് വായുമലിനീകരണം പ്രതിരോധിക്കാനുള്ള കമ്മിഷന്റെ നിർദേശം. അയൽസംസ്ഥാനങ്ങളെല്ലാം ഇതുനടപ്പാക്കിയാൽ വായുമലിനീകരണം ഇല്ലാതാക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൈവവളലായനി മാത്രമാണ് വയലുകൾക്കു തീയിടൽ ഒഴിവാക്കാനുള്ള ഏക പരിഹാരമെന്നും എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ചു മുന്നേറണമെന്നും പരിസ്ഥിതിമന്ത്രി അഭിപ്രായപ്പെട്ടു.

ഡൽഹിയിൽ മൊത്തമായി ഉപയോഗിക്കാനുള്ള മിശ്രിതം ഖഡ്ഖഡി നഹറിലെ ഹോർട്ടികൾച്ചർ നഴ്‌സറിയിലാണ് തയ്യാറാക്കുന്നത്. നഗരത്തിൽ ആവശ്യമുള്ളിടത്തൊക്കെ ഇവിടെ നിന്ന്‌ ലായനി വിതരണംചെയ്യും.

കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വയലുകളിൽ ലായനിതളിക്കും. കാര്യക്ഷമമായരീതിയിലാണ് ലായനി തയ്യാറാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രിപറഞ്ഞു. തളിച്ചു കഴിഞ്ഞാൽ 15-20 ദിവസത്തിനുള്ളിൽ കാർഷികാവശിഷ്ടങ്ങൾ ജൈവവളമായി മാറും. കഴിഞ്ഞവർഷം ഈ ലായനി വലിയ ഫലമുണ്ടാക്കിയിരുന്നു. കേന്ദ്രസർക്കാർ ഏജൻസിയായ വാപ്‌കോസ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞവർഷം ഡൽഹിയിലെ 300 കർഷകർ 1950 ഏക്കറിലാണ് ലായനി തളിച്ചത്. ഇത്തവണ 844 കർഷകർ 4200 ഏക്കറിൽ ഇതു പ്രയോജനപ്പെടുത്തും. പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് സർക്കാരുകളെല്ലാം ഈ ലായനി ഉപയോഗിക്കണമെന്നാണ് ഡൽഹി സർക്കാരിന്റെ അഭ്യർഥന. കഴിഞ്ഞ കേന്ദ്ര പരിസ്ഥിതിമന്ത്രി ഭൂപേന്ദർ യാദവ് വിളിച്ചയോഗത്തിലും സംസ്ഥാന സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇത്തവണ ഡൽഹിയിലെ വളലായനിയുടെ കാര്യക്ഷമത നിരീക്ഷിക്കാനായി 25 പേരടങ്ങുന്ന വിദഗ്ധസമിതിക്കും സർക്കാർ രൂപം നൽകി.