ന്യൂഡൽഹി : ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ സിനിമാഷൂട്ടിങ്ങിന് അനുമതിലഭിക്കാൻ ഏകജാലക സംവിധാനം നടപ്പാക്കാൻ അനുമതി നൽകിയെന്ന് മേയർ അറിയിച്ചു. പദ്ധതിക്ക് മുൻകൂർ അനുമതിനൽകിയെന്നും കോർപ്പറേഷന്റെ അടുത്ത യോഗത്തിൽ അത് പരിഗണനയ്‌ക്കെടുക്കുമെന്നും മേയർ ശ്യാംസുന്ദർ അഗർവാൾ പറഞ്ഞു.

ഡൽഹിയിലെ വിവിധ ഏജൻസികളെ ഏകോപിപ്പിച്ചാണ് ഏകജാലകസംവിധാനം നടപ്പാക്കുന്നത്. വിനോദസഞ്ചാര ഗതാഗതവികസന കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള നോഡൽ ഏജൻസി. ഡൽഹി ട്രാഫിക് പോലീസ്, പുരാവസ്തുഗവേഷണ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, ഡി.എം.ആർ.സി., റെയിൽവേ, ഡൽഹി അന്താരാഷ്ട്രവിമാനത്താവളം, ജി.എം.ആർ. ഗ്രൂപ്പ് തുടങ്ങിയവയെ ഒറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവന്നാണ് ഏകജാലകസംവിധാനം നടപ്പാക്കുക.

ആവശ്യമായ രേഖകൾ, സുരക്ഷാഫീസ്, അനുമതി ഫീസ് എന്നിവ സമർപ്പിച്ചുകഴിഞ്ഞാൽ ഏഴുദിവസത്തിനകം ഷൂട്ടിങ്ങിന് ഓൺലൈനായി അനുമതിനൽകും. ഈസ്റ്റ് ഡൽഹി കോർപ്പറേഷന്റെ പ്രസ് ആൻഡ് ഇൻഫൊർമേഷൻ ഡയറക്ടറേറ്റാണ് അനുമതിനൽകുക.

കോർപ്പറേഷൻമേഖലയിൽ സിനിമ ചിത്രീകരിക്കുന്നതിന് പ്രതിദിനം 75,000 രൂപയും ഗാസിപുർ ലാൻഡ് ഫിൽ സൈറ്റിൽ രണ്ടുലക്ഷം രൂപയും ഈടാക്കും. കൂടാതെ സുരക്ഷാഫീസായി 25,000 രൂപയും രജിസ്‌ട്രേഷൻ ചാർജായി 10,000 രൂപയും നൽകണം.