ന്യൂഡൽഹി : വനിതകളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഡൽഹി പോലീസിന്റെ മുൻഗണനയെന്ന് കമ്മിഷണർ രാകേഷ് അസ്താന വ്യക്തമാക്കി. ഇന്ത്യൻ വനിതാ പ്രസ് കോറിൽ മാധ്യമങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹി പോലീസിൽ ആറ് ഡെപ്യൂട്ടി പോലീസ് കമ്മിഷണർമാർ,എട്ട് അസി.പോലീസ് കമ്മിഷണർമാർ, ഒമ്പത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ എന്നിവർ വനിതകളാണ്. സ്ത്രീകൾക്കെതിരേ കുറ്റകൃത്യങ്ങൾക്കും അതിക്രമങ്ങൾക്കും സാധ്യതയുള്ള നഗരമേഖലകളിൽ അവരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. സ്ത്രീകളോ കുട്ടികളോ വിഷമഘട്ടത്തിലാണെങ്കിൽ അവർക്ക് മതിയായ ശ്രദ്ധ നൽകി സുരക്ഷ ഉറപ്പാക്കാനാണ് ഡൽഹി പോലീസിന്റെ മുൻഗണന.- അസ്താന പറഞ്ഞു.

എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാനുള്ള സെല്ലുകളുണ്ട്. സ്പെഷ്യൽ പോലീസ് യൂണിറ്റ് ഫോർ വിമൻ ആൻഡ്‌ ചിൽഡ്രൻ എന്ന പേരിൽ പ്രത്യേക വിഭാഗവും പ്രവർത്തിക്കുന്നു. അന്വേഷണത്തിൽ സഹായിക്കാൻ മാത്രമല്ല, സമ്മർദമനുഭവിക്കുന്ന സ്ത്രീകളെയും കുട്ടികളെയും കൗൺസലിങ് നടത്താനും ഈ സംവിധാനം ഉപകരിക്കുന്നു. പോസിറ്റീവ് മനോഭാവത്തോടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലാണ് ശ്രദ്ധയെന്നും പോലീസ് കമ്മിഷണർ പറഞ്ഞു.

അടുത്തിടെ നടന്ന അവലോകനയോഗത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കുറ്റപത്രം തയ്യാറാക്കാനും ബാക്കിയുള്ള കേസുകളിൽ ഉടൻ നടപടിയെടുക്കണമെന്നും കമ്മിഷണർ നിർദേശിച്ചിരുന്നു. നിശ്ചിത കാലയളവിനുള്ളിൽ കേസെടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കാനും ആവശ്യപ്പെട്ടു. ഈ വർഷം ഒക്ടോബർ 31 വരെയുള്ള കണക്കിൽ 1725 സ്ത്രീകൾ ബലാത്സംഗത്തിനിരയായിട്ടുണ്ട്. കഴിഞ്ഞവർഷം മുതൽ ഈ വർഷം ഒക്ടോബർ 31 വരെ 1429 സ്ത്രീകൾ ക്രൂരമായ കുറ്റകൃത്യങ്ങൾക്ക് ഇരകളായി. മുൻവർഷത്തേക്കാൾ ഈ വർഷം 20 ശതമാനം കേസുകൾ കൂടിയിട്ടുണ്ടെന്നാണ് കണക്കുകൾ. കഴിഞ്ഞവർഷം സ്ത്രീകൾക്കെതിരേ 7948 അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിൽ ഈ വർഷം അത് 11527 ആയി വർധിച്ചു. നഗരത്തിൽ കഴിഞ്ഞ പത്തു മാസത്തിനുള്ളിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം 45 ശതമാനം വർധിച്ചു.