ന്യൂഡൽഹി : കോവിഡ് ചികിത്സ മെച്ചപ്പെടുത്താൻ ബുറാഡി ആശുപത്രിയിൽ 20 വെന്റിലേറ്ററുകൾകൂടി സജ്ജമാക്കി. ഇതോടെ, ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കാൻ സമ്പൂർണ ഐ.സി.യു. സൗകര്യമായി.
ബയോമെഡിക്കൽ-സർജിക്കൽ മാലിന്യം സംസ്കരിക്കാനുള്ള കേന്ദ്രവും ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ ഉദ്ഘാടനംചെയ്തു.
കോവിഡ് രോഗികൾക്ക് ഇനി കൂടുതൽ മികച്ച ചികിത്സ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. രോഗികൾ നേരിടുന്ന ബുദ്ധിമുട്ടു കണക്കിലെടുത്താണ് ബുറാഡി ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യം കൂട്ടിയത്. ആശുപത്രി ജീവനക്കാർ, ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങിയവരൊക്കെ മെച്ചപ്പെട്ട സേവനം കാഴ്ചവെക്കുന്നതായും മന്ത്രി പറഞ്ഞു.
കോവിഡ് വാർഡിലെ രോഗികളുമായും മന്ത്രി സംവദിച്ചു. പ്രതീക്ഷ കൈവിടരുതെന്നും സാധ്യമായ എല്ലാ ചികിത്സയും സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ മൂന്നാം തരംഗത്തിലൂടെ കടന്നുപോവുകയാണ് ഡൽഹി. ജാഗ്രതയാണ് രോഗപ്രതിരോധത്തിനുള്ള നല്ല വഴി. മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. അതുവഴി രോഗവ്യാപനം പിടിച്ചുനിർത്താനാവും. കോവിഡ് ബാധിച്ചവരും അല്ലാത്തവരും ഒരുപോലെ മാസ്ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു.
ബുറാഡി ആശുപത്രി ആരംഭിച്ചിട്ട് നാലുമാസമായി. ഇത്രയും കാലത്തിനിടയിൽ ആയിരം കോവിഡ് രോഗികളെ ഇവിടെ ചികിത്സിച്ചു. ഇവിടെ 20 വെന്റിലേറ്റർകൂടി സജ്ജമാക്കിയതോടെ മെച്ചപ്പെട്ട സൗകര്യമായി. എല്ലാ അർഥത്തിലും കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള കേന്ദ്രമായി ബുറാഡി ആശുപത്രി മാറിക്കഴിഞ്ഞതായും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഇവിടെ 30 വെന്റിലേറ്റർകൂടി ശനിയാഴ്ചയോടെ ലഭ്യമാക്കും. ഇതോടെ, മൊത്തം അമ്പതു വെന്റിലേറ്ററുകളാവും.
നിലവിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് മൂന്നുവരെയാണ് കോവിഡ് പരിശോധന. ഞായറാഴ്ചകളിൽ രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒരുമണി വരെയും.
മരണമാണ് കോവിഡ് സൃഷ്ടിക്കുന്ന ഏറ്റവുംവലിയ വെല്ലുവിളിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. യുവാക്കൾക്ക് വലിയ പ്രതിരോധശേഷിയുണ്ട്.
എന്നാൽ, അവർ വീട്ടുകാർക്ക് രോഗം നൽകാൻ സാധ്യതയുണ്ട്. കോവിഡ് മൂന്നാം തരംഗം ഉടൻ അവസാനിക്കുമെന്നു പ്രതീക്ഷിക്കുന്നു. ആശുപത്രികളിൽ ഏറ്റവുംകുറവ് രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ ഡൽഹിയിലെ ആശുപത്രികളിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.