ന്യൂഡൽഹി : രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ പരിഹാരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം അഭ്യർഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ചൊവ്വാഴ്ച പ്രധാനമന്ത്രി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് കെജ്‌രിവാൾ ഇക്കാര്യം ആവശ്യപ്പെട്ടത്. അയൽസംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കൽ കാരണമുണ്ടാവുന്ന വായുമലിനീകരണ പ്രശ്നത്തിൽ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് കെജ്‌രിവാൾ അഭ്യർഥിച്ചു.
വൈക്കോൽ കത്തിക്കൽ അവസാനിപ്പിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹി, പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഒരുമിച്ച് ഒരു സംഘമായി പ്രവർത്തിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് കെജ്‌രിവാൾ യോഗത്തിൽ പറഞ്ഞു. വൈക്കോൽ കത്തിക്കലിന് പരിഹാരമായി പുസ ഇൻസ്റ്റിറ്റ്യൂട്ട് ബയോ-ഡീകംപോസർ വികസിപ്പിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ഇടപെടൽ തേടിയതെന്ന് സർക്കാർവൃത്തങ്ങൾ വ്യക്തമാക്കി. വൈക്കോൽ കത്തിക്കുന്നതിന് പകരം അവയെ ജൈവവളമാക്കി മാറ്റാൻ ഡീകംപോസർ ഉപയോഗിക്കാൻ അയൽസംസ്ഥാനങ്ങളോട് നിർദേശിക്കണമെന്ന് കേന്ദ്രത്തോട് എ.എ.പി. സർക്കാർ തുടർച്ചയായി ആവശ്യപ്പെടുന്നുണ്ട്. ഡൽഹിയിലെ വായുമലിനീകരണം പ്രതിരോധിക്കാൻ കേന്ദ്രം നിയോഗിച്ച കമ്മിഷന് ഇതുസംബന്ധിച്ച നിവേദനം നൽകിയിട്ടുണ്ടെന്ന് പരിസ്ഥിതിമന്ത്രി ഗോപാൽ റായി ചൊവ്വാഴ്ച പറഞ്ഞിരുന്നു.
ഐ.സി.യു. കിടക്കകൾ സംവരണംചെയ്യണം
നഗരത്തിലെ എയിംസ്, സഫ്ദർജങ് തുടങ്ങിയ കേന്ദ്രസർക്കാർ ആശുപത്രികളിൽ ഡൽഹിക്കാർക്കായി 1000 ഐ.സി.യു. കിടക്കകൾ നീക്കിവെക്കണമെന്നും കെജ്‌രിവാൾ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.
ഇതിന് കേന്ദ്രം തയ്യാറാവുകയാണെങ്കിൽ തങ്ങൾക്ക് വലിയൊരു പിന്തുണയാവുമെന്നും കെജ്‌രിവാൾ പറഞ്ഞു. പര്യാപ്തമായ തോതിൽ ഉള്ളതിനാൽ സാധാരണ കോവിഡ് കിടക്കകളെക്കുറിച്ച് ഡൽഹി സർക്കാർ ആശങ്കപ്പെടുന്നില്ല. നഗരത്തിൽ ആകെയുള്ള 3,500-ഓളം ഐ.സി.യു. കിടക്കകളിൽ 724 എണ്ണം മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളൂ. ഐ.സി.യു. കിടക്കകളുടെ എണ്ണം വർധിപ്പിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ സഹായിക്കുന്നുണ്ട്. എന്നാൽ, കേന്ദ്രസർക്കാർ
പുതിയ 1000 ഐ.സി.യു. കിടക്കകൾകൂടി സംവരണംചെയ്താൽ വലിയ സഹായമാവുമെന്നും കെജ്‌രിവാൾ വ്യക്തമാക്കി. മഹാമാരിവേളയിൽ കേന്ദ്ര സർക്കാരിൽനിന്ന് ഇതുവരെ ഡൽഹിക്ക് ലഭിച്ച സഹായത്തിൽ നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഡൽഹിയിൽ കോവിഡിന്റെ മൂന്നാംതരംഗത്തിന് ഒട്ടേറെ കാരണങ്ങളുണ്ടെന്നും വായുമലിനീകരണമാണ് ഇവയിൽ പ്രധാനമെന്നും യോഗത്തിൽ കെജ്‌രിവാൾ പറഞ്ഞു.
മൂന്നാംതരംഗത്തിനിടെ നവംബർ 10-ന് 8600 കേസുകൾ റിപ്പോർട്ട് ചെയ്‌തെന്നും അതിനുശേഷം കേസുകളും പോസിറ്റിവിറ്റി നിരക്കും സ്ഥിരമായി കുറഞ്ഞുവരികയാണെന്നും കെജ്‌രിവാൾ പ്രധാനമന്ത്രിയെ അറിയിച്ചു. രാജ്യതലസ്ഥാനത്ത് ഈ ഗതി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി യോഗത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.