ന്യൂഡൽഹി : കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നതിനാൽ ദേശീയപാതവഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് ഹരിയാണ പോലീസിന്റെ അഭ്യർഥന. വ്യാഴം, വെള്ളി ദിവസങ്ങളിൽ കർഷകസംഘടനകൾ ദില്ലി ചലോ ഉപരോധം നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ അറിയിപ്പ്. ക്രമസമാധാനം ഉറപ്പാക്കാനാണ് ഇതെന്നും ഹരിയാണ പോലീസ് വ്യക്തമാക്കി. അംബാല, ഭിവാനി, കർണാൽ, ബഹാദൂർഗഢ്, ജജ്ജർ, സോനിപ്പത്ത് തുടങ്ങിയ സ്ഥലങ്ങളിൽ വൻതോതിൽ കർഷകരുടെ ഒത്തുചേരൽ ഉണ്ടാവാൻ സാധ്യതയുണ്ട്. പലയിടങ്ങളിലും ഗതാഗതംസ്തംഭിക്കും. അംബാല, റെവാഡി, പൽവൽ തുടങ്ങിയ ഭാഗങ്ങളിലൊക്കെ ഗതാഗതം വഴി തിരിച്ചു വിടുമെന്നും ഹരിയാണ പോലീസ് അറിയിച്ചു.