ന്യൂഡൽഹി : ഭൂഗർഭജലം അധികമില്ലാത്തതും ലവണാംശവും കാഠിന്യമേറിയതുമായ ഭൂഗർഭജലമുള്ളതുമായ പ്രദേശങ്ങളിൽ സംസ്കരണനിലയങ്ങൾ സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ജലവിഭവമന്ത്രി സത്യേന്ദർ ജെയിൻ അധ്യക്ഷത വഹിച്ച ഡൽഹി ജലബോർഡ് യോഗം ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ തീരുമാനിച്ചു.

500 വീടുകൾക്ക്‌ ഒരു ജലശുചീകരണനിലയം എന്ന നിലയിൽ സ്ഥാപിച്ച് ശുദ്ധമായ കുടിവെള്ളം വീടുകളിലെത്തിക്കാനാണ് പദ്ധതി. മുഴുവൻ സമയവും കുടിവെള്ളം ഉറപ്പാക്കും. ഓരോ ജുഗ്ഗികളിലും ഓരോ ജലശുചീകരണനിലയങ്ങൾ സ്ഥാപിക്കും. രണ്ടായിരത്തിലേറെ ജനസംഖ്യയുള്ള ജുഗ്ഗികളിൽ ഒന്നിലേറെ നിലയങ്ങളുണ്ടാവും.

കേന്ദ്ര ഭൂഗർഭജലബോർഡിന്റെ റിപ്പോർട്ടനുസരിച്ച് നഗരത്തിലെ 22 ലക്ഷം എം.ജി.ഡി. വെള്ളവും ലവണാംശമുള്ളതാണ്. ശുദ്ധീകരിച്ച ശേഷംമാത്രമേ ഈ വെള്ളം ജലബോർഡ് ശൃംഖല വഴി വീടുകളിലേക്ക്‌ വിതരണം ചെയ്യാനാവൂ. പരിസ്ഥിതിസൗഹാർദമായ ജലസംസ്‌കരണനിലയങ്ങൾ സ്ഥാപിച്ച് കുടിവെള്ളവിതരണം ഉറപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ജലബോർഡ്.

പരമ്പരാഗതരീതിയിലുള്ള ആർ.ഒ. നിലയം ഒട്ടേറെ വെള്ളം പാഴാക്കുമെന്നതിനാൽ തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം പ്രയോജനപ്പെടുത്താനാണ് ധാരണ. ഉപയോഗിക്കുമ്പോൾ 80 ശതമാനം വെള്ളവും സംരക്ഷിക്കപ്പെടുന്നതരത്തിലായിരിക്കും ഈ തദ്ദേശീയ സംസ്കരണനിലയം.

അധിക ഭൂഗർഭജലമുള്ള സ്ഥലങ്ങളിൽ ദിവസവും 363 എം.ജി.ഡി. ജലശേഷിയുള്ള സംസ്കരണനിലയം സ്ഥാപിക്കുമെന്ന് സംസ്ഥാനസർക്കാർ അറിയിച്ചു.

ഇങ്ങനെ, ശുദ്ധീകരിച്ച വെള്ളം വീടുകളിൽ വിതരണംചെയ്യും. ഭൂഗർഭജലം കുറഞ്ഞതും മോശമായതുമായ സ്ഥലങ്ങളിലാണ് സംസ്കരണനിലയം സ്ഥാപിച്ചുള്ള ജലവിതരണമെന്നും ജലബോർഡ് വ്യക്തമാക്കി. നജഫ്ഗഢിൽ രണ്ടോ മൂന്നോ മീറ്റർ ആഴത്തിൽ മാത്രമേ ഭൂഗർഭജലമുള്ളൂ. ഓഖ്‌ല, ദ്വാര, നിലോത്തി-നാംഗ്ലായ്, ചില്ല തുടങ്ങിയ സ്ഥലങ്ങളിലും ഭൂഗർഭജലത്തിന്റെ അളവ് കുറഞ്ഞതിനു പുറമെ ലവണാംശമടക്കമുള്ള പ്രശ്‌നങ്ങളും നേരിടുന്നു.

ഇവിടങ്ങളിലൊക്കെ ജലശുചീകരണനിലയങ്ങൾ സ്ഥാപിക്കും. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് തീരുമാനം.

നഗരത്തിൽ 5130 മില്യൺ ലിറ്റർ വെള്ളം ആവശ്യമുള്ളതിൽ 4230 മില്യൺ ലിറ്റർ വിതരണംചെയ്യാനേ ജലബോർഡിനു സാധിക്കുന്നുള്ളൂ. ജലശുചീകരണനിലയങ്ങൾ വഴി 363 മില്യൺ ലിറ്റർ അധികവെള്ളം ഉറപ്പാക്കുകയാണ് ലക്ഷ്യം. കൂടുതൽ കുഴൽക്കിണറുകൾ നിർമിക്കാനും ജലബോർഡ് നടപടികളെടുക്കും.

ജലാശയങ്ങളുടെ നവീകരണവും മറ്റും നടപ്പാക്കി ഭൂഗർഭജലത്തിന്റെ അളവും വർധിപ്പിക്കും.