ന്യൂഡൽഹി : സ്കൂളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാൻ ‘സ്കൂൾ മിത്ര’ വരുന്നു. സ്കൂളുകളെ സഹായിക്കാൻ രക്ഷിതാക്കളിൽനിന്ന്‌ വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നതാണ് സ്കൂൾ മിത്ര പരിപാടി. സ്കൂൾ മാനേജ്‌മെന്റ് സമിതികളും രക്ഷിതാക്കളും തമ്മിലുള്ള വിടവ് നികത്താൻ ഇതു സഹായിക്കുമെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

സ്കൂൾ മാനേജ്‌മെന്റ് സമിതികൾ നേരത്തേ തന്നെ സർക്കാർ രൂപവത്കരിച്ചിട്ടുണ്ട്. എന്നാൽ, രക്ഷിതാക്കളിൽ 63 ശതമാനത്തിനും ഇത്തരമൊരു സമിതിയെക്കുറിച്ച് അറിയില്ലെന്ന് ബോസ്റ്റൺ കൺസൽട്ടിങ് ഗ്രൂപ്പ് നടത്തിയ സർവേയിൽ വ്യക്തമായി. രക്ഷിതാക്കളുടെ വിവിധ തരത്തിലുള്ള ആശങ്കകൾ മാനേജ്‌മെന്റുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടു രൂപവത്കരിച്ചതാണ് സ്കൂൾ മാനേജ്‌മെന്റ് സമിതികൾ. എന്നാൽ, അതു നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. രക്ഷിതാക്കളിലേക്ക് സ്കൂൾ മാനേജ്‌മെന്റ് സമിതികൾക്ക് എത്തിച്ചേരാൻ നിയതമായ ഘടനയോ സംവിധാനമോ ഇല്ലെന്ന് അഡീഷണൽ വിദ്യാഭ്യാസ ഡയറക്ടർ സെറീൻ താജ് പറഞ്ഞു. ഈ വിടവുനികത്താൻ നിശ്ചയിക്കപ്പെട്ടതാണ് സ്കൂൾ മിത്ര. അവർ സ്കൂൾ മാനേജ്‌മെന്റ് സമിതികളും രക്ഷിതാക്കളും തമ്മിലുള്ള അന്തരം പരിഹരിക്കും. അവരുടെ പ്രവർത്തനം സുഗമമാക്കാൻ മേഖലാ നിരീക്ഷണസമിതികളും രൂപവത്കരിക്കും. രണ്ട് അധ്യാപക കൺവീനർമാർ, രണ്ടു സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങൾ, ഒരു നോഡൽ ഓഫീസർ എന്നിവരടങ്ങുന്ന അഞ്ചംഗ സമിതികളുണ്ടാക്കും. രക്ഷിതാക്കളിലേക്ക് കൂടുതലായി എത്തുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും താജ് പറഞ്ഞു. അധ്യാപകരെയും നോഡൽ വ്യക്തികളെയുമൊക്കെ പ്രോത്സാഹിപ്പിച്ച് മികച്ച രീതിയിലുള്ള പ്രവർത്തനം ഉറപ്പാക്കാൻ സ്കൂൾ മാനേജ്‌മെന്റ് സമിതികൾ തയ്യാറാവണമെന്നും വിദ്യാഭ്യാസ ഡയറക്ടറേറ്റ് നിർദേശിച്ചു.

ഡൽഹിയിലെ സർക്കാർ സ്കൂളുകളെ പരിഷ്കരിക്കുന്നതിൽ സ്കൂൾ മാനേജ്‌മെന്റ് സമിതികൾക്ക് മികച്ച സംഭാവനയുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. സ്കൂളുകളിലെ ശുചിത്വം, വിദ്യാർഥികളുടെ ഹാജർനില, വേനലവധി ക്യാമ്പുകൾ, വായനമേളകൾ തുടങ്ങിയവയൊക്കെ ഉറപ്പാക്കാൻ ഇതുവഴി സാധിക്കുന്നു.

രക്ഷിതാക്കളിലെത്തുന്ന പരിപാടികൾ മേഖലാസമിതികൾ നിരീക്ഷിക്കും. അധ്യാപക കൺവീനറുടെ പ്രതികരണവും തേടി അതത് സ്കൂളുകളെ അറിയിക്കും. വീഴ്ചകളും കുറവുകളുമൊക്കെ പരിഹരിച്ച് കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഇങ്ങനെ ഏകോപിപ്പിക്കും.

സമയബന്ധിതമായി വേണ്ട പ്രവർത്തനങ്ങളും ഇങ്ങനെ ഏറ്റെടുക്കും.