ന്യൂഡൽഹി : തെക്കൻ ഡൽഹിയിലെ പ്രത്യേക കോവിഡ് ആശുപത്രിയിൽ തീപ്പിടിത്തം. ഹോസ്ഖാസിലെ ഡൽഹി ഐ.ഐ.ടി.ക്ക് സമീപമുള്ള സിഗ്‌നസ് ഓർത്തോകെയർ ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. ആർക്കും ആളപായമില്ല.
ശനിയാഴ്ച വൈകീട്ട് 5.50-നാണ് തീപ്പിടിത്തമുണ്ടായത്. എട്ട് ഫയർ എൻജിനുകൾ എത്തി തീയണച്ചു.
ആശുപത്രിക്കെട്ടിടത്തിന്റെ നാലാംനിലയിൽ ഓപ്പറേഷൻ തിയേറ്ററിന് സമീപമാണ് തീപ്പിടിത്തമുണ്ടായത്. ചികിത്സയിലുണ്ടായിരുന്ന എട്ടുരോഗികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. തീപ്പിടിത്തത്തിനുള്ള കാരണം അറിവായിട്ടില്ല.