മുംബൈ : ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകൾ രാജ്ഭവനിലേക്ക് സംഘടിപ്പിച്ചിരിക്കുന്ന ലോങ്മാർച്ചിൽ പങ്കെടുക്കാൻ 20,000 കർഷകർ നാസിക്കിൽനിന്ന് മുംബൈയിലേക്ക് തിരിച്ചു.
അഖിലേന്ത്യ കിസാൻസഭയുടെ ആഭിമുഖ്യത്തിലാണ് വാഹനജാഥ മുംബൈയിലേക്ക് തിരിച്ചിട്ടുള്ളത്.
കേന്ദ്രസർക്കാർ പാസാക്കിയിട്ടുള്ള വിവാദ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കർഷകർ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് 25-ന് രാജ്ഭവനിലേക്ക് ലോങ്മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻ.സി.പി. നേതാവ് ശരദ്പവാർ എന്നിവർ ലോങ്മാർച്ചിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കളും പങ്കെടുക്കുന്നുണ്ട്. ആസാദ് മൈതാനിൽനിന്നാണ് മാർച്ച് ആരംഭിക്കുന്നത്.
രാജ്ഭവനിലെത്തി ഗവർണർക്ക് നിവേദനം നൽകുമെന്ന് കിസാൻസഭ മഹാരാഷ്ട്ര ജനറൽ സെക്രട്ടറി അജിത് നാവ്‌ലെ അറിയിച്ചു.
ഞായറാഴ്ച കസാറഘട്ടിൽ നിന്നും 20,000 കർഷകർ ലോങ് മാർച്ചിൽ അണിചേരാൻ മുംബൈയിലേക്ക് തിരിക്കുന്നുണ്ട്. സംയുക്ത ശേത്കാരി കംഗാർ മോർച്ചയുടെ ബാനറിൽ സംഘടിപ്പിച്ചിരിക്കുന്ന ലോങ്മാർച്ചിന് നൂറോളം സംഘടനകൾ പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പബ്ളിക് ദിനത്തിൽ കർഷകർ ആസാദ് മൈതാനത്ത് ദേശീയപതാക ഉയർത്തുമെന്നും സംഘാടകസമിതി അറിയിച്ചു.