ന്യൂഡൽഹി : കോവിഡ് രണ്ടാംതരംഗത്തിൽ രാഷ്ട്രീയം കളിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്ന ആരോപണം ആവർത്തിച്ച് ആരോഗ്യമന്ത്രി. ഓക്സിജൻ ലഭിക്കാതെയുള്ള മരണങ്ങൾ ഒളിച്ചുവെക്കാനാണ് കേന്ദ്രം ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓക്സിജൻ മരണങ്ങൾ അന്വേഷിക്കാൻ ഉന്നതസമിതി രൂപവത്കരിക്കുന്നതിൽ പ്രശ്നമൊന്നും കാണുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ച പശ്ചാത്തലത്തിൽ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഏതെങ്കിലും ഒരാശുപത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ നഷ്ടപരിഹാരം നൽകേണ്ടിവരികയോ ചെയ്യാത്ത സ്ഥിതിക്ക് സമിതി രൂപവത്കരിക്കുന്നതിൽ എന്താണ് പ്രശ്നമെന്നായിരുന്നു കോടതിയുടെ ചോദ്യം. ജൂണിൽ സംസ്ഥാന സർക്കാർ നാലംഗ വിദഗ്ധ സമിതിയുണ്ടാക്കി. ഫയൽ ലെഫ്. ഗവർണർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ, ലെഫ്. ഗവർണർ വഴി സമിതിയെ തടയുകയായിരുന്നു കേന്ദ്രസർക്കാർ.

ഓക്സിജൻ പ്രശ്നത്തിൽ കേന്ദ്രസർക്കാർ രാഷ്ട്രീയം കളിച്ചു. ഓക്സിജൻ ക്ഷാമത്തെത്തുടർന്ന് ഒറ്റ മരണവും ഉണ്ടായിട്ടില്ലെന്ന് പാർലമെന്റിൽ കള്ളം പറയുകപോലും ചെയ്തെന്നും സത്യേന്ദർ ജെയിൻ വിമർശിച്ചു.

പ്രാണവായു കിട്ടാത്തതിനെത്തുടർന്നുള്ള മരണങ്ങൾ ഒളിച്ചു വെക്കാൻന് തെറ്റായകാര്യം ചെയ്യുകയായിരുന്നു കേന്ദ്രസർക്കാർ. എന്നാൽ, സമിതി രൂപവത്കരിക്കാൻ ഇപ്പോൾ വഴി തുറന്നിരിക്കുകയാണ് ഹൈക്കോടതിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള മാനദണ്ഡം തുറന്ന പരിശോധനയ്ക്കു വിധേയമാക്കണമെന്നും കോടതി നിർദേശിച്ചു. മാത്രവുമല്ല, ഓക്സിജൻ വിഷയത്തിൽ സുപ്രീംകോടതി നിയോഗിച്ച സമിതിയും സംസ്ഥാന സർക്കാർ രൂപവത്കരിക്കുന്ന ഉന്നതാധികാര സമിതിയും തമ്മിൽ കൂടിക്കുഴയരുതെന്നും കോടതി നിർദേശിച്ചു.

ഓക്സിജൻ മരണങ്ങൾ അന്വേഷിച്ച്‌ സ്ഥിരീകരിക്കുകമാത്രമാണ് ഉന്നതാധികാര സമിതിയുടെ ദൗത്യമെന്ന് സത്യേന്ദർ ജെയിൻ വ്യക്തമാക്കി. ഏതെങ്കിലുമൊരു വ്യക്തി വീട്ടിലോ ആശുപത്രിയിലോ ഓക്സിജൻ കിട്ടാതെ മരിച്ചിട്ടുണ്ടോയെന്നു കണ്ടെത്തും. അതനുസരിച്ച് അഞ്ചുലക്ഷം രൂപവരെ നഷ്ടപരിഹാരം നൽകണമോയെന്നും ശുപാർശ ചെയ്യും. ചികിത്സയിലെ വീഴ്ചകളൊന്നും ഈ സമിതി അന്വേഷിക്കില്ല. അതൊക്കെ മെഡിക്കൽ കൗൺസിലിന്റെ ജോലിയാണെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് രണ്ടാംതരംഗവേളയിൽ ഒട്ടേറെ മാധ്യമങ്ങൾ ഓക്സിജൻ ക്ഷാമത്തെക്കുറിച്ചും മരണങ്ങളെക്കുറിച്ചും റിപ്പോർട്ടുചെയ്തിരുന്നു. ഇതെല്ലാം തെറ്റായിരുന്നുവെന്നുവേണോ കരുതാനെന്നും അദ്ദേഹം ചോദിച്ചു.

ഹൈക്കോടതി ഇടപെടലോടെ ഓക്സിജൻ മരണങ്ങൾ കണ്ടെത്താനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക് വഴി തുറന്നുകഴിഞ്ഞു. സമിതിയുമായി മുന്നോട്ടുപോവാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.