ന്യൂഡൽഹി : കഴിഞ്ഞ ആറുവർഷത്തിനിടയിലെ കണക്കു നോക്കിയാൽ ഏറ്റവുംകുറവ് ഡെങ്കി ബാധിതർമാത്രമാണ് ഈ വർഷം സെപ്‌റ്റംബറിൽ റിപ്പോർട്ടുചെയ്തിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. ഞായറാഴ്ച വരെയുള്ള കണക്കിൽ 87 പേരാണ് ഈ മാസം ഡെങ്കി ബാധിച്ചവർ. മുൻവർഷങ്ങളിലെ കണക്കെടുത്താൽ 201-ൽ 6775, 2016-ൽ 1362, 2017-ൽ 1103, 2018-ൽ 374, 2019-ൽ 190, 2020-ൽ 188 എന്നിങ്ങനെയാണ് സെപ്‌റ്റംബർ മാസങ്ങളിലെ ഡെങ്കി ബാധിതരെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു.

രോഗം നിയന്ത്രണവിധേയമാക്കാൻ സർക്കാർ ഊർജിതമായ പ്രതിരോധ നടപടികളെടുക്കും. പത്താഴ്ച, പത്തുദിവസം, പത്തു മിനിറ്റ് എന്ന പ്രചാരണ പരിപാടി തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടുവർഷമായി സംഘടിപ്പിക്കുന്ന ഈ യജ്ഞം ജനങ്ങൾക്കിടയിൽ ബോധവത്കരണം വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. താമസകേന്ദ്രങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകുകൾ വളരാതിരിക്കാൻ ഡൽഹിയിലെ ജനങ്ങൾ സഹകരിക്കുന്നുണ്ടൈന്നും സത്യേന്ദർ ജെയിൻ പറഞ്ഞു.

ഒരു ഡെങ്കി കൊതുകുവിന്റെ ജീവിതചക്രം പത്തുദിവസമാണ്. ജനങ്ങൾ ആഴ്ചയിൽ ഒരിക്കൽ കെട്ടിക്കിടക്കുന്ന വെള്ളവും പരിസരവുമൊക്കെ ഒന്നുപരിശോധിക്കാനോ നീക്കാനോ സന്നദ്ധരായാൽ ഈ ഭീഷണി ഒഴിവാക്കാനാവും. പൂച്ചെട്ടികൾ, ഒഴിഞ്ഞപാത്രങ്ങൾ തുടങ്ങിയവയിലൊക്കെ ഡെങ്കി കൊതുകുകൾ വളരാൻ സാധ്യതയുണ്ട്. ഇതുവരെ നിയന്ത്രണവിധേയമായാണ് നഗരത്തിലെ ഡെങ്കി ബാധ.

ഇതുവരെ 210 പേർക്ക് നഗരത്തിൽ ഡെങ്കിപ്പനി b5 ബാധിച്ചു. ഇതിൽ 41 ശതമാനം കേസുകളും ഈ മാസമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അമ്പതിലേറെ പേർക്ക് രോഗംബാധിച്ചു. ഡെങ്കി പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി തെക്കൻ ഡൽഹി മേയർ മുകേഷ് സൂര്യൻ രംഗത്തുവന്നിരുന്നു. പ്രചാരണ രാഷ്ട്രീയം കളിക്കുകയാണ് ഡൽഹി സർക്കാരെന്ന് അദ്ദേഹം വിമർശിച്ചു.

പകർച്ചവ്യാധിയെ ശക്തമായി നേരിടേണ്ടി സമയമാണിത്. അതിനുപകരം ഡെങ്കിവിരുദ്ധ പ്രചാരണം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് സർക്കാരെന്നും എം.സി.ഡി മേയർ കുറ്റപ്പെടുത്തി. ഇതിനുള്ള മറുപടി കൂടിയായിട്ടാണ് സെപ്‌റ്റംബറിലെ കണക്കുകളുമായി ആരോഗ്യമന്ത്രിയുടെ രംഗപ്രവേശം.