ന്യൂഡൽഹി : സ്വകാര്യസ്ഥലത്ത് മുസ്‌ലിങ്ങൾ പ്രാർഥന നടത്തിയതിനെച്ചൊല്ലി ഗുഡ്ഗാവിൽ സംഘർഷാവസ്ഥ.

സെക്ടർ 12 എയിലെ സ്വകാര്യസ്ഥലത്ത് ഇസ്‌ലാംമത വിശ്വാസികൾ പ്രാർഥന നടത്തിക്കൊണ്ടിരിക്കേ ഒരു വിഭാഗം ജയ് ശ്രീറാം വിളികളുമായി രംഗത്തെത്തുകയായിരുന്നു. ബജ്‌റംഗ് ദൾ പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയതെന്ന് അറിയുന്നു.

സംഘർഷാവസ്ഥ ഉടലെടുത്തതോടെ വൻപോലീസ് സംഘം സ്ഥലത്തെത്തി. ദ്രുതപ്രതികരണ സേനയും വിന്യസിക്കപ്പെട്ടു.

എന്നാൽ, ഔദ്യോഗികമായി അനുവദിക്കപ്പെട്ട സ്ഥലത്താണ് പ്രാർഥന നടത്തിയതെന്നാണ് വിശ്വാസികളുടെ വാദം. ഗുഡ്ഗാവ് ജില്ലാ ഭരണകൂടം സെക്ടർ 12 എ, സെക്ടർ 47 തുടങ്ങിയ 37 സ്ഥലങ്ങളിൽ പ്രാർഥന നടത്താൻ അനുവാദം നൽകിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ, ഈ സ്ഥലത്ത് പ്രാർഥന നടത്താൻ പാടില്ലെന്ന് എതിർത്ത് ബജ്‌റംഗ്ദൾ പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു.

പ്രാദേശിക അഭിഭാഷകൻ കുൽഭൂഷൺ ഭരദ്വാജ് ഉൾപ്പെടെയുള്ളവർ പ്രാർഥനയെ എതിർക്കാനെത്തിയവരുടെ സംഘത്തിലുണ്ടായിരുന്നു. രൂക്ഷമായ വാദപ്രതിവാദങ്ങളും നടന്നു. ഒടുവിൽ പ്രശ്‌നപരിഹാരമുണ്ടാക്കാമെന്ന് പോലീസ് ഉറപ്പു നൽകിയതോടെ പ്രതിഷേധക്കാർ പിരിഞ്ഞു പോയി.

അതേസമയം, സെക്ടർ 47 ലും പ്രാർഥനയെച്ചൊല്ലിയുള്ള പ്രശ്നങ്ങൾ ഉയർന്നിട്ടുണ്ട്. പ്രാർഥനയുടെ മറവിൽ കുറ്റകൃത്യങ്ങൾ നടത്താൻ റോഹിംഗ്യൻ മുസ്‌ലിങ്ങൾ പ്രദേശം ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.