ന്യൂഡൽഹി : വായുമലിനീകരണം ചെറുക്കാനുള്ള മാർഗരേഖ ലംഘിക്കപ്പെട്ടാൽ നടപടിയെടുക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർക്കും അധികാരം നൽകി എ.എ.പി. സർക്കാർ. സർക്കാരിന്റെ പദ്ധതിനിർവഹണത്തിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർക്ക് നിർണായക പങ്കുവഹിക്കാനാവുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ബോധവത്കരണമടക്കമുള്ള കാര്യങ്ങളിൽ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദീപാവലിവേളയിലും മറ്റും പടക്കങ്ങൾ സൂക്ഷിക്കുന്നതും വിൽക്കുന്നതും ഉപയോഗിക്കുന്നതുമൊക്കെ സർക്കാർ നിരോധിച്ചിട്ടുണ്ട്. വായുമലിനീകരണം നിയന്ത്രിക്കാനാണ് ഈ നടപടി. ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടാൽ നടപടിയെടുക്കാൻ ഇനി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർക്ക് അധികാരമുണ്ടായിരിക്കും. അനധികൃതമായി പടക്കം ഉപയോഗിക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്ക് ഹരിത ഡൽഹി ആപ്പിലൂടെ സർക്കാരിനു പരാതിപ്പെടാം.

വായുമലിനീകരണത്തിനെതിരേയുള്ള യുദ്ധത്തിലാണ് ഡൽഹിയെന്ന് പരിസ്ഥിതിമന്ത്രി ഗോപാൽ റായ് പറഞ്ഞു. കൊണാട്ട് പ്ലേസിൽ സ്മോഗ് ടവർ സ്ഥാപിച്ചതടക്കം സർക്കാർ ഒട്ടേറെ നടപടികളെടുത്തു. എന്നാൽ, ജനപങ്കാളിത്തമുണ്ടൈങ്കിലേ വായുമലിനീകരണം ചെറുക്കാനാവൂ. അതിനാണ് ഈവർഷം ഊന്നൽ. നിലവിൽ ഡൽഹി മലിനീകരണ നിയന്ത്രണ സമിതി (ഡി.പി.സി.സി) ഉദ്യോഗസ്ഥർക്കാണ്‌ വായുമലിനീകരണ വ്യവസ്ഥകൾ ലംഘിക്കപ്പെടുന്നതു പരിശോധിക്കാനും നടപടിയെടുക്കാനുമുള്ള അധികാരം. എന്നാൽ, അവർക്കുപുറമേ, ഡൽഹിയിലെ 33 സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർക്കുകൂടി അധികാരം നൽകി. ഇവർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനകീയപങ്കാളിത്തം ഉറപ്പാക്കാനുള്ള യോഗങ്ങൾ വിളിച്ചുചേർക്കാം. റെസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, സന്നദ്ധസംഘടനകൾ, മാർക്കറ്റ് അസോസിയേഷനുകൾ തുടങ്ങിയവരുടെ യോഗം വിളിച്ചുചേർത്ത് വായുമലിനീകരണം ചെറുക്കാനുള്ള നടപടികളെടുക്കാം. ബോധവത്കരണത്തിനും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ മുൻകൈയെടുക്കും.

ഇത്തവണ പടക്കമില്ലാത്ത ദീപാവലി

‘ദീപാവലി ആഘോഷിക്കൂ, മലിനീകരണത്തെ ഓടിക്കൂ’ എന്നാണ് ഇത്തവണത്തെ ആഘോഷത്തിന്റെ ആപ്തവാക്യം. ഇതിനുവലിയ തോതിൽ പ്രചാരണം നടത്തും. പടക്കം നിരോധിച്ച തീരുമാനം പൂർണമായി നടപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ബോധവത്കരണം. നഗരത്തിൽ പലയിടത്തും അനധികൃതമായി പടക്കം സൂക്ഷിക്കുന്നതും വിൽക്കുന്നതുമായ വിവരങ്ങൾ ഡൽഹി സർക്കാരിനു ലഭിച്ചിട്ടുണ്ട്. ഇതിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ പരിശോധിച്ച്‌ നടപടിയെടുക്കും.

ദീപാവലിയാഘോഷം പരിസ്ഥിതിസൗഹൃദമായി നടത്തുന്നത് ആലോചിക്കാൻ തിങ്കളാഴ്ച സർക്കാർ പ്രത്യേകയോഗവും വിളിച്ചുചേർത്തു. ഡൽഹി പോലീസ് ഉൾപ്പെടെ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.