സംഭവം ഉപമുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ

ന്യൂഡൽഹി : കിഴക്കൻ ഡൽഹിയിൽ ഭൂമാഫിയ കൈയേറിയ സ്ഥലം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിൽ സർക്കാർ പിടിച്ചെടുത്തു. മയൂർവിഹാർ ഫേസ് രണ്ടിനുസമീപം വെസ്റ്റ് വിനോദ് നഗർ ഇ-ബ്ലോക്കിൽ വിവാഹഹാളിനുവേണ്ടി നിശ്ചയിച്ചിരുന്ന സ്ഥലമാണ് ഔദ്യോഗികമായി സർക്കാർ ഏറ്റെടുത്തത്.

ഇരുനൂറ്റമ്പതു യാർഡുള്ള സ്ഥലം ഭൂമാഫിയയും സമൂഹവിരുദ്ധരും കൈയേറിയതായി തദ്ദേശവാസികൾ പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് സ്ഥലം എം.എൽ.എ കൂടിയായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജില്ലാ മജിസ്‌ട്രേറ്റിനൊപ്പം വ്യാഴാഴ്ച സ്ഥലം സന്ദർശിച്ചു. കോർപ്പറേഷൻ കൗൺസിലർ ഗീത റാവന്തും ഒപ്പമുണ്ടായിരുന്നു.

അത്യാധുനികസൗകര്യങ്ങളോടെ ഉടൻ വിവാഹഹാൾ നിർമിക്കാൻ ഉപമുഖ്യമന്ത്രി നിർദേശം നൽകി. മൂന്നുനില കെട്ടിടം നിർമിക്കാനാണ് നിർദേശം. ജനങ്ങളുടെ അവകാശം അവർക്കു തിരിച്ചുനൽകുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. സ്ഥലത്തെക്കുറിച്ച് പ്രദേശവാസികൾ നിരന്തരം പരാതിയുന്നയിച്ചിരുന്നു. ഭൂമാഫിയ സ്ഥലം കൈയേറിയതിനാൽ ചെറിയ ചടങ്ങുകൾപോലും നടത്താൻ അവർക്കുകഴിയുമായിരുന്നില്ല. ഇതുകണക്കിലെടുത്താണ് സ്ഥലത്ത് ഉടൻ വിവാഹഹാൾ നിർമിക്കാനുള്ള സർക്കാർ തീരുമാനം. ഇതോടെ, ദൂരസ്ഥലങ്ങളിൽപോയി വിവാഹമടക്കമുള്ള ചടങ്ങുകൾ നടത്താനുള്ള ബുദ്ധിമുട്ട് പ്രദേശവാസികൾക്ക് ഒഴിഞ്ഞുകിട്ടുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.