ന്യൂഡൽഹി : ആരോഗ്യപ്രവർത്തകരെ ആദരിച്ചും ലഡു വിതരണംചെയ്തും വാക്സിനേഷൻ നൂറുകോടി കവിഞ്ഞത് ആഘോഷിച്ച് ബി.ജെ.പി. മജ്‌നു കാടിലയിലെ വാക്സിനേഷൻ കേന്ദ്രം ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് ആദേശ് ഗുപ്ത സന്ദർശിച്ചു. അവിടെയുണ്ടായിരുന്ന ആരോഗ്യപ്രവർത്തകരെയും കോവിഡ് മുന്നണിപ്പോരാളികളെയും അദ്ദേഹം ആദരിച്ചു.

വടക്കുകിഴക്കൻ ഡൽഹി എം.പി. മനോജ് തിവാരി ശാഹ്ദ്രയിലെ ചാന്ദിവാല ആശുപത്രിയിലെത്തി ജീവനക്കാരെയും ആരോഗ്യപ്രവർത്തകരെയും ആദരിച്ചു. പടിഞ്ഞാറൻ ഡൽഹി എം.പി. പർവേശ് വർമ വിൻഡ്‌സർ പ്ലേസിലെ ഔദ്യോഗിക വസതിക്കുമുന്നിൽ നൂറുകിലോ ലഡു വെച്ചു. അതുവഴി കടന്നുപോവുന്നവർക്കെല്ലാം ബി.ജെ.പി. പ്രവർത്തകർ ലഡു വിതരണംചെയ്തു.

കോവിഡ് വാക്സിനേഷൻ നൂറുകോടി കവിയുന്നതിന്റെ ആഘോഷം ഡൽഹിയിലെ വിവിധ സ്ഥലങ്ങളിലായി ബി.ജെ.പി. ആസൂത്രണം ചെയ്തിരുന്നു. എം.പി.മാർക്കും എം.എൽ.എ.മാർക്കും പുറമേ, ബി.ജെ.പി. ഡൽഹി ഇൻചാർജ് ബൈജയന്ത് പാണ്ഡ, മറ്റുനേതാക്കളായ ദുഷ്യന്ത് ഗൗതം, അൽക്ക ഗുർജർ, ഹർഷ് വർധൻ, രാംവീർ സിങ് ബിധൂരി തുടങ്ങിയവർ ഈ പരിപാടികളിൽ പങ്കെടുത്തു.

വാക്സിനേഷൻ നൂറുകോടി തികയ്ക്കാൻ രാജ്യം 76 ദിവസമെടുത്തു. ജനസംഖ്യയിൽ 75 ശതമാനത്തിനും ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചെന്നാണ് സർക്കാരിന്റെ അവകാശവാദം. കൂടാതെ, 31 ശതമാനം പേർക്ക് രണ്ടു ഡോസും ലഭിച്ചുകഴിഞ്ഞതായും ഔദ്യോഗികവൃത്തങ്ങൾ വെളിപ്പെടുത്തി.

ഡൽഹിയിലും വാക്സിനേഷൻ ഊർജിതമായി പുരോഗമിക്കുന്നു. വ്യാഴാഴ്ച വരെയുള്ള കണക്കിൽ നഗരത്തിലെ 1.98 കോടി പേർ വാക്സിൻ സ്വീകരിച്ചു. ഇതിൽ 1.28 കോടി പേർക്ക് ആദ്യഡോസും 70 ലക്ഷം പേർക്ക് രണ്ടുഡോസും ലഭിച്ചു. വ്യാഴാഴ്ച 62,980 പേർ വാക്സിനെടുത്തു. ഇതിൽ 21,632 പേർ ആദ്യഡോസും 41,348 പേർ രണ്ടാം ഡോസും സ്വീകരിച്ചു.