ന്യൂഡൽഹി : തലസ്ഥാനത്ത് വ്യാഴാഴ്ച 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണങ്ങളൊന്നും റിപ്പോർട്ടുചെയ്തിട്ടില്ല. രോഗസ്ഥിരീകരണ നിരക്ക് 0.05 ശതമാനമാണെന്ന് ആരോഗ്യ ബുള്ളറ്റിൻ വ്യക്തമാക്കി.

നഗരത്തിൽ 311 പേരാണ് ആക്ടീവ് കോവിഡ് രോഗികൾ. ഇതിൽ 99 പേർ വീടുകളിൽ ഏകാന്തവാസത്തിൽ കഴിയുന്നു. ആശുപത്രികളിൽ 188 പേരും കോവിഡ് കെയർ സെന്ററുകളിൽ രണ്ടുപേരുമാണ് ചികിത്സയിൽ.

വ്യാഴാഴ്ച 42,563 കോവിഡ് പരിശോധനകൾ നടന്നു. ഇതിൽ 35,063 ആർ.ടി.പി.സി.ആർ. ടെസ്റ്റുകളായിരുന്നു. കോവിഡ് കൺടെയ്ൻമെന്റ് സോണുകൾ 96 ആയി കുറഞ്ഞിട്ടുണ്ടെന്നും ആരോഗ്യ ബുള്ളറ്റിൻ വെളിപ്പെടുത്തി.

കഴിഞ്ഞ 24 മണിക്കൂറിൽ 62,980 പേർ വാക്സിനെടുത്തു. ഇതിൽ 41,348 പേർക്ക് രണ്ടാം ഡോസായിരുന്നു. നഗരത്തിൽ മൊത്തം വാക്സിനെടുത്തവർ 1.98 കോടിയായി വർധിച്ചു. രണ്ടു ഡോസുമെടുത്തവർ 70 ലക്ഷമായി ഉയർന്നു.