മുംബൈ : ഒട്ടേറെ കേസുകളിൽ പ്രതിയായ അധോലോക കുറ്റവാളി സുരേഷ് പൂജാരി ഫിലിപ്പീൻസിൽ അറസ്റ്റിലായതായി മുംബൈ പോലീസ് അറിയിച്ചു. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി ശ്രമം തുടങ്ങിയിട്ടുണ്ട്.

ഭീഷണിപ്പെടുത്തി പണം പിരിച്ചതിന് മുംബൈ, നവി മുംബൈ, താനെ തുടങ്ങിയ സ്ഥലങ്ങളിൽ ഒട്ടേറെ കേസുകൾ നിലവിലുള്ള സുരേഷ് പൂജാരി 14 വർഷമായി ഒളിവിലാണ്.

സി.ബി.ഐ.യുടെ അപേക്ഷപ്രകാരം ഇന്റർപോൾ പുറപ്പെടുവിച്ച റെഡ്കോർണർ നോട്ടീസ് പ്രകാരമാണ് ഇയാളെ കണ്ടെത്തിയതും അറസ്റ്റുചെയ്തതും. രണ്ടു വർഷത്തോളമായി സുരേഷ് പൂജാരി ഫിലിപ്പീൻസിലാണെന്നാണ് അറിയുന്നത്.

ഛോട്ടാരാജന്റെയും രവി പൂജാരിയുടെയും കൂട്ടാളിയായിരുന്ന സുരേഷ് പൂജാരി 2011-ലാണ് സ്വന്തമായി അധോലോകസംഘമുണ്ടാക്കുന്നത്. ഒട്ടേറെ കെട്ടിടനിർമാതാക്കൾ ഈ സംഘത്തിന്റെ പിടിച്ചുപറിക്കിരയായി. കേസുകളിൽ പ്രതിയായപ്പോഴേക്കും നാടുവിട്ടു എന്നു മനസ്സിലായപ്പോഴാണ് ഇയാളെ പിടികൂടാൻ ഇന്റർപോളിന്റെ സഹായംതേടിയത്.