ന്യൂഡൽഹി : കഴിഞ്ഞവർഷം ഈ സമയത്ത് മാസ്കും ഹാൻഡ് സാനിറ്റൈസറുകളും വാങ്ങാനാണ് ജനങ്ങൾ ഓടിയതെങ്കിൽ ഡൽഹിയിലിപ്പോൾ കാഴ്ച മറ്റൊന്നാണ്.

ആശുപത്രികളിൽ കോവിഡ് കിടക്കകളും ഓക്സിജനുമില്ലെന്ന റിപ്പോർട്ടുകൾ വരുന്നതോടെ ജനങ്ങൾ കോവിഡ് പ്രതിരോധത്തിനായി ‘അവശ്യവസ്തുക്കൾ’ സംഘടിപ്പിക്കാൻ മെഡിക്കൽ ഷോപ്പുകളിലേക്ക് പായുകയാണ്. ഓക്സിജന്റെ അളവ് പരിശോധിക്കുന്ന ഓക്സിമീറ്ററുകൾ, തെർമോമീറ്റർ, ഓക്സിജൻ കാനുകൾ തുടങ്ങിയവയാണ് ആളുകൾ കരുതലായി വെക്കുന്നത്.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ ശ്വാസംമുട്ടൽപോലുള്ള പ്രശ്നങ്ങൾ കൂടുതലായി വരുന്നെന്ന് ഐ.സി.എം.ആർ. ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നു. ഇത് ശരിവെക്കുംവിധമാണ് ആശുപത്രികളിൽ മെഡിക്കൽ ഓക്സിജന്റെ ആവശ്യം വർധിക്കുകയും ദൗർലഭ്യം നേരിടുകയും ചെയ്യുന്നത്.

ഈ സാഹചര്യത്തിലാണ് ജനങ്ങൾ മെഡിക്കൽ ഷോപ്പുകളിൽ പോയി അത്യാവശ്യം കോവിഡ് പ്രതിരോധത്തിനുള്ള സാമഗ്രികൾ സംഘടിപ്പിക്കുന്നത്.