ന്യൂഡൽഹി : കോവിഡിനെ തുടർന്നുള്ള പ്രതിദിന മരണം ഡൽഹിയിൽ 300 കടന്നു. വ്യാഴാഴ്ച 306 പേർ മരിച്ചു. പുതുതായി 26,269 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 36.24 ശതമാനമായും ഉയർന്നു.

നഗരത്തിലെ മരണസംഖ്യ 13193 ആയി വർധിച്ചു. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 18,154 ആയി. വീടുകളിൽ 46,585 പേർ ഏകാന്തവാസത്തിൽ കഴിയുന്നുണ്ട്. കോവിഡ് കെയർ സെന്ററുകളിൽ 588 പേരും ഹെൽത്ത് സെന്ററുകളിൽ 122 പേരും ചികിത്സയിൽ കഴിയുന്നു. ആശുപത്രികളിൽ 2037 കിടക്കകൾ മാത്രമേ ഒഴിവുള്ളൂ.

നഗരത്തിൽ വ്യാഴാഴ്ച 72,208 കോവിഡ് പരിശോധനകൾ നടന്നു. ഇതിൽ 48,346 ആർ.ടി.പി.സി.ആർ. ടെസ്റ്റുകളായിരുന്നു. നഗരത്തിലെ മൊത്തം കോവിഡ് ബാധിതർ ഒമ്പതര ലക്ഷം കടന്നു. ഇതിൽ 91,618 പേരാണ് നിലവിലെ രോഗികൾ.

വൈറസ് വ്യാപനത്തെ തുടർന്ന് കോവിഡ് കൺടെയ്ൻമെന്റ് സോണുകൾ 22,000 ആയി ഉയർന്നു. അതേസമയം, 19,609 പേർ വ്യാഴാഴ്ച രോഗമുക്തി നേടിയെന്ന് ആരോഗ്യബുള്ളറ്റിൻ വ്യക്തമാക്കി.