ന്യൂഡൽഹി : കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ആംബുലൻസ് സഹായംതേടി ദിനംപ്രതി വിളിച്ചത് 2500-ലേറെ കോവിഡ് രോഗികൾ. സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ചാണ് ഈ വെളിപ്പെടുത്തൽ. കോവിഡ് നാലാംതരംഗം എത്രമാത്രം രൂക്ഷമാണെന്നു വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.

ഒരാഴ്ചയ്ക്കുള്ളിൽ 17,924 സഹായവിളികളെത്തി. ആംബുലൻസ് ആവശ്യപ്പെട്ടും മറ്റു സഹായങ്ങൾ തേടിയുമായിരുന്നു ഈ വിളികൾ. ദിവസവും 2560 രോഗികളെയെങ്കിലും ആംബുലൻസ് വഴി ആശുപത്രികളിൽ എത്തിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. രോഗബാധിതരിൽ 1347 പേരുടെ ജീവൻ വൈറസ് കവർന്നെടുത്തു.

കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള ഐ.സി.യു. കിടക്കകളും ഓക്സിജനും തലസ്ഥാനത്തു വേണ്ടത്രയില്ലെന്ന ആശങ്ക പടരുന്നതിനിടെയാണ് ഈ കണക്കുകൾ. രോഗവ്യാപനം മാത്രമല്ല, ജനങ്ങൾക്കിടയിലെ പരിഭ്രാന്തിക്കും തെളിവാണ് ദിനംപ്രതിയുള്ള സഹായവിളികൾ.