ന്യൂഡൽഹി : കോവിഡ് രോഗികൾക്കുള്ള ഓക്സിജൻ തലസ്ഥാനത്തെ ആശുപത്രികളിൽ വേണ്ടത്രയില്ലെന്ന് ആവർത്തിച്ച് ഉപമുഖ്യമന്ത്രി. കേന്ദ്രസർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണ് സർക്കാർ. ഡൽഹിക്കായി നിശ്ചയിച്ചിട്ടുള്ള ഓക്സിജൻ ക്വാട്ട പര്യാപ്തമല്ല. സ്വന്തംനിലയിൽ ഡൽഹി ഓക്സിജൻ ഉത്‌പാദിപ്പിക്കുന്നില്ല.

വിതരണം പൂർണമായും കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാണ്. കോവിഡ് രോഗികൾ വൻതോതിൽ ഉയർന്നിരിക്കുകയാണ് ഡൽഹിയിൽ. മറ്റു സംസ്ഥാനങ്ങളിലുള്ള രോഗികളും ചികിത്സയ്ക്കായി ഇവിടെയെത്തുന്നു. അതുകൊണ്ടുതന്നെ, കൂടുതൽ ഓക്സിജൻ ഡൽഹിക്ക് അത്യാവശ്യമാണെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

ഡൽഹിക്ക് 378 മെട്രിക് ടൺ ഓക്സിജനാണ് കേന്ദ്രം നിശ്ചയിച്ചിട്ടുള്ള ക്വാട്ട. ഇത് 700 മെട്രിക് ടണ്ണായി കൂട്ടണമെന്നാണ് ആവശ്യം. കേന്ദ്രത്തിന്‌ സമയാസമയങ്ങളിൽ കത്തയച്ചിട്ടുണ്ടെങ്കിലും മതിയായ ഓക്സിജൻ ലഭ്യമാക്കിയിട്ടില്ല. ഒറ്റക്കെട്ടായി നേരിടേണ്ടതാണ് കോവിഡിനെതിരേയുള്ള പോരാട്ടം. കഴിഞ്ഞ പ്രതിസന്ധിഘട്ടത്തിൽ കേന്ദ്രം ഡൽഹി സർക്കാരിനൊപ്പം നിന്നു. ഈ യുദ്ധവും വിജയിക്കാൻ കേന്ദ്രം ഡൽഹി സർക്കാരിനൊപ്പം നിൽക്കണമെന്നും സിസോദിയ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ ഒട്ടേറെ ആശുപത്രികൾ സന്ദർശിച്ചു. വടക്കേ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രോഗികൾ ഈ ആശുപത്രികളിലുണ്ടായിരുന്നു. എത്ര ഓക്സിജൻ വിതരണം ചെയ്യണമെന്ന്‌ നിശ്ചയിക്കേണ്ടത്‌ സംസ്ഥാനങ്ങളല്ല. സംസ്ഥാനത്ത് ഒരു ഓക്സിജൻ പ്ലാന്റുണ്ടെങ്കിലും അങ്ങനെ തീരുമാനിക്കാനാവില്ല. ഡൽഹിയിലെ ഗുരുതരസാഹചര്യം മനസ്സിലാക്കി കേന്ദ്രസർക്കാർ ഉടനടി ഇടപെടണമെന്നും ഉപമുഖ്യമന്ത്രി ആവശ്യപ്പെട്ടു.