ന്യൂഡൽഹി : മയൂർവിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഏപ്രിൽ 30 മുതൽ നടക്കേണ്ട ഉത്സവാഘോഷങ്ങൾ മാറ്റിവെച്ചു. ക്ഷേത്രത്തിന്റെ ഭരണസമിതി ചേർന്ന്, ഉത്സവം മാറ്റിവെക്കുന്നതാണ് ഉചിതമെന്ന് വിലയിരുത്തിയശേഷം തന്ത്രിയുടെ ഉപദേശം സ്വീകരിച്ചാണ് തീരുമാനമെടുത്തത്.

തന്ത്രി തൃപ്പൂണിത്തുറ പുലിയന്നൂർമഠം നാരായണൻ അനുജൻ നമ്പൂതിരിപ്പാട് ഉത്സവം മാറ്റുന്നതിനെ അനുകൂലിച്ചപ്രകാരമാണ് ഉത്സവം മാറ്റിവെച്ചതെന്ന് ക്ഷേത്രം പ്രസിഡന്റ് ബാബു പണിക്കർ പറഞ്ഞു.

അതേസമയം, കോവിഡ് ഒന്നാം തരംഗം ഉണ്ടായതിനെ തുടർന്നുള്ള അടച്ചിടൽകാലം മുതൽ പാവങ്ങൾക്ക് ക്ഷേത്രത്തിൽനിന്ന് നൽകിവന്ന സൗജന്യ ഭക്ഷണവിതരണം തുടരും. ഭക്തജനങ്ങൾക്ക് ക്ഷേത്രദർശനത്തിന് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ക്ഷേത്രത്തിൽ നടക്കുന്ന വിവാഹം തുടങ്ങിയ എല്ലാ ചടങ്ങുകളും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും.