ന്യൂഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായതോടെ നഗരത്തിലെ ആശുപത്രിയിലേക്ക് ഓക്സിജനുമായി വന്ന വാഹനത്തിന് ഹരിത ഇടനാഴിയൊരുക്കി ഡൽഹി പോലീസ്.

ഉത്തർപ്രദേശ്, ഹരിയാണ എന്നിവിടങ്ങളിൽനിന്ന് പശ്ചിംവിഹാറിലെ ആക്‌ഷൻ ബാലാജി ആശുപത്രിയിലേക്ക് ഓക്സിജനുമായി വരുന്ന ടാങ്കറുകൾക്കാണ് പോലീസ് വഴിയൊരുക്കിയത്.

ആശുപത്രിയിൽ ഓക്സിജൻ തീരാറായിരുന്നു. എന്നാൽ ഓക്സിജൻ ടാങ്കറുകൾ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതായി തിങ്കളാഴ്ച രാവിലെ 11.30-ന് പോലീസിന് വിവരം ലഭിച്ചു.

തുടർന്ന് പോലീസ് ഇടപെട്ട് സുഗമമായ പാതയൊരുക്കുകയായിരുന്നു. യു.പി., ഹരിയാണ അതിർത്തികളിൽനിന്ന് 19,500 ലിറ്റർ ഓക്സിജനുമായി വരുന്ന രണ്ട് ടാങ്കറുകൾക്കാണ് വഴിയൊരുക്കിയത്.

ടാങ്കറുകൾക്ക് ഡൽഹി പോലീസിന്റെ വാഹനം അകമ്പടിപോവുകയും ചെയ്തു.