ന്യൂഡൽഹി : കോവിഡ് പടരുന്നതിനിടെ തലസ്ഥാനം ഗുരുതരമായ ഓക്സിജൻ ക്ഷാമം നേരിടുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ചില ആശുപത്രികളിൽ ഏതാനുംമണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമേയുള്ളൂവെന്നും കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് അവലോകനയോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നഗരത്തിലെ ആശുപത്രികളിൽ ഓക്സിജൻ കിടക്കകൾ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ എല്ലാസൗകര്യങ്ങളുമെടുക്കണമെന്ന് കെജ്‌രിവാൾ നിർദേശിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ ഓക്സിജൻ വിതരണം നടത്താനാണ് നിർദേശം. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ വിവേകം കാണിക്കണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആവശ്യപ്പെട്ടു.

കോവിഡ് സാഹചര്യം ഉന്നതതലയോഗത്തിൽ വിലയിരുത്തി. ഓക്സിജൻ ലഭ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണ്. കേന്ദ്രസർക്കാരുമായി ചർച്ച നടത്തിവരുന്നു. വലിയ തോതിൽ ഓക്സിജൻ കിടക്കകൾ ഒരുക്കിവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ‘‘ഗുരുതരമായ ഓക്സിജൻ ക്ഷാമമാണ് ഡൽഹിയിൽ. കേന്ദ്രസർക്കാർ ഉടൻ ഓക്സിജൻ ലഭ്യമാക്കണം.

ചില ആശുപത്രികളിൽ ഏതാനുംമണിക്കൂർ നേരത്തേക്കുള്ള ഓക്സിജനേ ഉള്ളൂ’’ -കെജ് രിവാൾ ട്വിറ്ററിൽ കുറിച്ചു. ഓക്സിജൻ കിടക്കകൾ ഒരുക്കാനാണ് ഇപ്പോഴത്തെ ലക്ഷ്യം.

മിക്ക രോഗികളും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു.അവർക്കെല്ലാം ഓക്സിജൻ അത്യാവശ്യമാണ്. ആരോഗ്യസൗകര്യം മെച്ചപ്പെടുത്താൻ സർക്കാർ പരമാവധി ശ്രമം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിൽ ഓക്സിജൻ വിതരണം നിർത്തിയതായി ഉപമുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഓക്സിജൻ വിതരണത്തിന്റെ കാര്യത്തിൽ കാട്ടുനീതി പാടില്ല. നോയ്ഡ, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിൽനിന്നൊക്കെ ഓക്സിജൻ സംഭരിച്ചുകൊണ്ടിരിക്കുകയാണ് ഡൽഹി സർക്കാർ.

എന്നാൽ, ചില സംസ്ഥാനങ്ങൾ ഡൽഹിയിൽ എത്തുന്നതിനുമുമ്പ് ഓക്സിജൻ വിതരണം നിർത്തിയതായും മനീഷ് സിസോദിയ ആരോപിച്ചു.